നിയന്ത്രണത്തിനു സാധ്യത:ടിക് ടോക്കിനും ഹലോ ആപ്പിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്


JULY 19, 2019, 12:40 AM IST

ന്യൂഡൽഹി:ദേശവിരുദ്ധ കാര്യങ്ങള്‍ക്ക് ദുരുപയോഗിക്കുന്നെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ടിക് ടോക്കിനും ഹലോ  ആപ്ലിക്കേഷനും ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചു. നിയമവിരുദ്ധ പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്നറിയാൻ ലക്ഷ്യമിടുന്ന ചോദ്യങ്ങളാണ് നോട്ടീസില്‍. ഐ.ടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. 

ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി പങ്കുവെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് നോട്ടീസിന്‍റെ ഒപ്പമുള്ള ചോദ്യാവലിയിൽ. ഈ മാസം 22നകം മറുപടി നല്‍കണം.നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍  ടിക് ടോക്കിനും ഹലോ ആപ്പിനും നിയന്ത്രണം വന്നേക്കും.ഐ.ടി വകുപ്പുകള്‍ പ്രകാരമാകും നടപടി എടുക്കുക.  

വിശദമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് കത്തിലുണ്ട്. സിംഗപ്പൂരിലും അമേരിക്കയിലുമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന കമ്പനിയുടെ വാദത്തെയും നോട്ടീസില്‍ ചോദ്യം ചെയ്യുന്നുണ്ട്. ടിക് ടോക്ക്, ഹലോ ആപ്ലിക്കേഷനുകളെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം കര്‍ശന നടപടി സ്വീകരിച്ചത്. ടിക് ടോക്ക് ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നെന്ന ആരോപണവും ശക്തമാണ്. 

Other News