രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയില്‍ ഒഡീഷയിലേത്; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രെയിന്‍ ദുരന്തം


JUNE 3, 2023, 7:10 PM IST

ഭുവനേശ്വര്‍: രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു മികച്ച റെയില്‍ ഒഡീഷയിലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ് സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ദുരന്തമുണ്ടായി മുന്നൂറോളം പേര്‍ മരിച്ചത്. 

ഒഡിഷയിലെ ബലാസോറില്‍ നടന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച മമത സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അപകടസ്ഥലത്തുണ്ടായിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുമായും മമത കൂടിക്കാഴ്ച നടത്തി. 

അപകടത്തിന് പിന്നില്‍ കണ്ടെത്തേണ്ട തക്കതായ കാരണങ്ങള്‍ ഇനിയുമുണ്ടെന്നും സത്യം എത്രയും വേഗം കണ്ടെത്തണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു.

ഒഡിഷയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. പത്തൊന്‍പത് മണിക്കൂറോളമാണ് ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്നല്‍ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Other News