മോഡിയെ വിളിച്ച് ട്രംപ്: ജി-7 ഉച്ചകോടിയും അതിര്‍ത്തി സംഘര്‍ഷവും യുഎസ് കലാപവും ചര്‍ച്ചയായി


JUNE 3, 2020, 8:42 AM IST

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്രംപും ടെലിഫോണില്‍ ആശയ വിനിമയം നടത്തി.ഈ വര്‍ഷം അവസാനം യുഎസില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിക്കാനാണ് ചൊവ്വാഴ്ച ട്രംപ് മോഡിയെ വിളിച്ചത്.

കഴിഞ്ഞ ആഴ്ച ജി 7 ഉച്ചകോടി സെപ്തംബറിലേക്ക് മാറ്റിവെച്ചെന്നും വ്യാവസായിക രാജ്യങ്ങളുടെ ജി 7 ഗ്രൂപ്പ് 'വളരെ കാലഹരണപ്പെട്ട് ' എന്ന് വിശേഷിപ്പിക്കുയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ട് മുന്‍കൂറായി ക്ഷണിച്ചത്.

ഇന്ത്യ, റഷ്യ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവരെ യോഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

'ഗ്രൂപ്പ് ഓഫ് സെവന്റെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപ് സംസാരിച്ചു. നിലവിലുള്ള അംഗത്വത്തിനപ്പുറം ഗ്രൂപ്പിംഗിന്റെ പരിധി വിപുലീകരിക്കാനും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന രാജ്യങ്ങളെ ഉള്‍പ്പെടുത്താനുമുള്ള ആഗ്രഹവും അറിയിച്ചു. ഈ സാഹചര്യത്തില്‍, യുഎസ്എയില്‍ നടക്കാനിരിക്കുന്ന അടുത്ത ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡിയോട് അദ്ദേഹം ക്ഷണം നല്‍കിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജി 7 ലോകത്തില്‍ നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നു എന്ന് താന്‍ കരുതുന്നില്ലെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുഎസ്, യുകെ, കാനഡ എന്നിവരടങ്ങുന്ന നിലവിലെ സംഘത്തിലെ അംഗരാജ്യങ്ങള്‍ ജൂണില്‍ കൂടിക്കാഴ്ച നടത്താനിരുന്നതാണ്. എന്നാല്‍ കോവിഡ് ലോക വ്യാപകമായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്നും കോവിഡ് ഉന്മൂലനത്തിനാണ് പ്രാധാന്യമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ അറിയിച്ചു.

ഇതിനെത്തുടര്‍ന്നാണ് ഉച്ചകോടി സെപ്റ്റംബറിലേക്ക് മാറ്റിയത്. 1990 കളുടെ മധ്യത്തില്‍ റഷ്യയെ കൂടി ഉള്‍പ്പെടുത്തി ജി 8 ആക്കി ആയിരുന്നു. എന്നാല്‍ 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

ട്രംപിന്റെ സൃഷ്ടിപരവും ദീര്‍ഘദൃഷ്ടിയുള്ളതുമായ സമീപനത്തെ മോഡി അഭിനന്ദിച്ചു. വിപുലീകരിക്കപ്പെടുന്ന പുതിയ ഫോറം കോവിഡ് -19 ന് ശേഷമുള്ള ലോകത്തിന്റെ ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന വസ്തുത ഇരുനേതാക്കളും അംഗീകരിക്കുകയും ചെയ്തു. നിര്‍ദ്ദിഷ്ട ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാന്‍ അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യക്ക് സന്തോഷമേയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ വെള്ളക്കാരനായ പോലീസുകാരന്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങളെക്കുറിച്ച് മോഡി ആശങ്ക പ്രകടിപ്പിക്കുകയും അവ പരിഹരിക്കുന്നതിനുള്ള ശ്രമങഅങള്‍ക്ക് ആശംസ അറിയിക്കുകയും ചെയ്തു.

Other News