രാജ്യമെങ്ങും കര്‍ഷക പ്രതിഷേധം; രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി


SEPTEMBER 20, 2020, 3:24 PM IST

ന്യൂഡല്‍ഹി: രാജ്യമെങ്ങും പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലാണ് കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവ ഉപരിസഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. കര്‍ഷക ക്ഷേമത്തിനെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന ബില്ലുകള്‍ക്കെതിരെ രാജ്യമെങ്ങും കര്‍ഷകര്‍ പ്രക്ഷോഭം തുടരുമ്പോഴാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാക്കിയത്. 

സഭയില്‍ കാര്‍ഷിക ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിയുമായെത്തി. ബില്ലിന്റെ പ്രതികള്‍ വലിച്ചെറിയുകയും മൈക്കുകള്‍ തകര്‍ക്കുകയും ചെയ്തു. എം.പിമാര്‍ സ്പീക്കറുടെ പോഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ സഭ 10 മിനിറ്റ് നിര്‍ത്തിവെക്കേണ്ടിവന്നു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു. വിപണിയിലെ ഏറ്റക്കുറിച്ചിലുകള്‍ക്ക് കര്‍ഷകരെ വിട്ടുകൊടുക്കില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ പറഞ്ഞു. കര്‍ഷകരുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടാണ് ബില്ലുകള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ലോക് സഭയിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

കാര്‍ഷിക വിളകള്‍ക്ക് നല്ല വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും പുതിയ ബില്ലുകള്‍ സഹായകമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍, ബില്‍ കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ദീര്‍ഘകാല സഖ്യകക്ഷിയും പഞ്ചാബിലെ പ്രബലകക്ഷിയുമായ അകാലിദള്‍, ഹരിയാനയിലെ സഖ്യകക്ഷി ജെ.ജെ.പി എന്നിവരും ബില്ലിന് എതിരാണ്.

Other News