പൗരത്വ ഭേദഗതി നിയമം; ഭയക്കേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ


FEBRUARY 21, 2020, 7:54 PM IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭയക്കേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി ഉദ്ധവ് താക്കറെ അറിയിച്ചു. 

സി എ എ, എന്‍ ആര്‍ സി, എന്‍ പി ആര്‍ വിഷയങ്ങളെ കുറിച്ചെല്ലാം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാട് പ്രധാനമന്ത്രിയെ കൃത്യമായി അറിയിച്ചതായും ഉദ്ധവ് താക്കറെ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതോടെ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കാണ് അതിന്റെ ഗുണം കിട്ടുക. രാജ്യത്തുടനീളം എന്‍ ആര്‍ സി നടപ്പാക്കില്ല. പൗരന്മാര്‍ക്ക് എന്തെങ്കിലും അപകടം ഉണ്ടാകുന്നുവെങ്കില്‍ തങ്ങള്‍ അപ്പോള്‍ തന്നെ അതിനെ എതിര്‍ക്കുമെന്നും താക്കറെ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍ സി പിയും ശിവസേനയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഈ പശ്ചാതലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോകുകയായിരുന്നു.

Other News