മുംബൈ: ശിവസേന ഹിന്ദുത്വത്തെ കൈവിട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജിക്കത്ത് തയ്യാറാണെന്നും എം എല്‍ എമാര്‍ ആവശ്യപ്പെടുകയാണെങ്കില് രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസോ എന്‍ സി പിയോ ആണ് രാജിയെന്ന ആവശ്യം മുന്നോട്ട് വച്ചതെങ്കില്‍ അത് മനസിലാക്കാന്‍ ആകുമായിരുന്നുവെന്നും എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെ തനിക്കെതിരെ തിരിഞ്ഞത് ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക്നാഥ് ഷിന്‍ഡെയോടൊപ്പം പോയ എം എല്‍ എമാര്‍ പറഞ്ഞത് ഭീഷണിപ്പെടുത്തി കൂട്ടികൊണ്ട് പോയെന്നാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെയാണ് താക്കറെയുടെ പരാമര്‍ശം.
ഹിന്ദുത്വ വിശ്വാസം തങ്ങളുടെ ഓരോ ശ്വാസത്തിലുമുണ്ടെന്നും അതിനെ ഒരിക്കലും തങ്ങളില്‍ നിന്ന് അകറ്റാന്‍ കഴിയില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ഹിന്ദുത്വക്ക് വേണ്ടി ആര് എന്തൊക്കെ ചെയ്തു എന്ന് പറയാനുള്ള സമയമല്ല ഇത്. ബാലസാഹെബ് മുന്നോട്ട് വച്ച എല്ലാ ആശയങ്ങളെയും മുന്നോട്ട് നയിക്കാന്‍ തന്നെയാണ് തീരുമാനം. ശിവസൈനികര്‍ ഒപ്പമുള്ളിടത്തോളം തനിക്ക് ഭയമില്ലെന്നും എം എല്‍ എമാര്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.