അയോധ്യയിലെ ഭൂമീ പൂജ: എല്‍.കെ. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല


AUGUST 1, 2020, 7:17 PM IST

ന്യൂഡല്‍ഹി: ആഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ ഭൂമീ പൂജയിലേക്ക് എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതിയേയും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങും ഉള്‍പ്പെടെ പ്രമുഖരെ പ്രത്യേകം ക്ഷണിച്ച ചടങ്ങിലാണ് ബി.ജെ.പി സ്ഥാപക നേതാക്കളെ ഒഴിവാക്കിയിരിക്കുന്നത്. 

സംഭവം വിവാദമായതിനു പിന്നാലെ, അദ്വാനിയും ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ആരോഗ്യ നില കണക്കിലെടുത്താണ് തീരുമാനമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുന്ന പത്ത് പ്രമുഖ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

അയോധ്യയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വിഷയമാക്കി മാറ്റിയത് അദ്വാനിയായിരുന്നു. 1990ല്‍ ഗുജറാത്തിലെ സോമന്ത് ശിവക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്കു അദ്വാനി നടത്തിയ രഥയാത്ര ബി.ജെ.പിക്ക് ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമാണ് നല്‍കിയത്. രാമക്ഷേത്രമെന്ന ആവശ്യവുമായി നടത്താനുദ്ദേശിച്ചിരുന്ന പദയാത്രയാണ് മുതിര്‍ന്ന നേതാവ് പ്രമോദ് മഹാജന്റെ നിര്‍ദേശം കണക്കിലെടുത്ത് രഥയാത്രയാക്കിയത്. അയോധ്യയില്‍ എത്തുന്നതിനുമുമ്പ് ബീഹാറിലെ സമസ്തിപൂരില്‍വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്‌തെങ്കിലും യാത്ര ബി.ജെ.പിക്ക് മുതല്‍കൂട്ടായി. വിരലില്‍ എണ്ണാവുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ മാത്രമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള ശേഷിയിലേക്ക് ബി.ജെ.പിക്ക് കരുത്ത് പകര്‍ന്നതും അയോധ്യയും രഥയാത്രയുമായിരുന്നു. രണ്ടുവര്‍ഷത്തിനുശേഷമാണ് തര്‍ക്കഭൂമിയിലുണ്ടായിരുന്ന ബാബ്‌റി മസ്ജിദ് പൊളിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച കേസില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെ നേതാക്കള്‍ പ്രതിപ്പട്ടികയിലുണ്ട്.

Other News