ഉന്നാവ്​ ബലാത്സംഗക്കേസിലെ ഇരക്ക്​ വാഹനാപകടത്തില്‍ ഗുരുതര പരിക്ക്,രണ്ടു ബന്ധുക്കള്‍ മരിച്ചു;ഗൂഡാലോചനയെന്ന് ആരോപണം 


JULY 29, 2019, 4:32 AM IST

ലക്‌നോ:ഉത്തർപ്രദേശിലെ ഉന്നാവിൽ ബി ജെ പിയുടെ  എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ബലാത്സംഗപരാതി ഉന്നയിച്ച യുവതിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്.യുവതിയുടെ ബന്ധുക്കളായ രണ്ടു സ്ത്രീകൾ അപകടത്തില്‍ മരിച്ചു.ഇവർ സഞ്ചരിച്ച കാർ റായ്‌ബറേലിയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 

കാർ ഓടിച്ചിരുന്ന,യു​വ​തി​യുടെ അഭിഭാഷകൻ മഹേന്ദ്ര സിങ്ങിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മഴയാണ് അപകടകാരണമെന്നും കരുതപ്പെടുന്നു.യു​വ​തി​യുടെ 'അമ്മ അപകടത്തിൽ മരിച്ചെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പോലീസ് നിഷേധിച്ചു.ട്രക്കിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

റാ​യ്​​ബ​റേ​ലി ജ​യി​ലി​ലുള്ള അ​മ്മാ​വ​നെ കാ​ണാ​ന്‍ പോ​വു​ക​യാ​യി​രു​ന്നു യു​വ​തി​യും ബന്ധുക്കളും. ഇവര്‍ക്കു​ സുരക്ഷക്കായി നിയോഗിച്ച പൊലീസുകാരന്‍ അപകടസമയത്ത്​ ഇവരോടൊപ്പമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ​ അന്വേഷിക്കുമെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥര്‍ അറിയിച്ചു. അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു.അപകടമുണ്ടാക്കിയ ട്രക്കിന്റെ നമ്പർ പ്ളേറ്റ് കറുത്ത പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. യുവതിയെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഫലമാണ് അപകടമെന്ന് അദ്ദേഹം ആരോപിച്ചു.

യുവതിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.കുല്‍ദീപ് സിങ് സെന്‍ഗാര്‍ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ഇരയുടെ കുടുംബം  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്‌തിരുന്നു. 

ഇതിന് പിന്നാലെ കുൽദീപ് സെൻഗാറെ പോലീസ് അറസ്റ്റ് ചെയ്‌തു.പിന്നീട് എം എൽ എയുടെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.2017ല്‍ എം എല്‍ എയുടെ വീട്ടില്‍ വച്ചായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്.

Other News