ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സെന്‍ഗാര്‍ എംഎല്‍എയെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു


JULY 30, 2019, 4:15 PM IST

ലഖ്‌നൗ:  ഉന്നാവോ പീഡനക്കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പ്രതി കുല്‍ദീപ് സെന്‍ഗാര്‍ എംഎല്‍എയെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെയാണ് നടപടി. കുല്‍ദീപ് സെന്‍ഗാറിനെതിരെ പീഡനപരാതി നല്‍കിയിരുന്ന പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍പ്പെട്ടത് ആസൂത്രിതമാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പാര്‍ട്ടി നടപടി.അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കള്‍ മരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ച ലോറിയുടെ നമ്പര്‍ പെയിന്റടിച്ച് മായ്ച്ച നിലയിലായിരുന്നതും പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാര്‍ അപകടസമയം ഇവരുടെ കൂടെയില്ലാതിരുന്നതുമാണ് അപകടത്തെപ്പറ്റി സംശയങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.

2017 ജൂണില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും നീക്കങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ അറിയിച്ചിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു.

Other News