കൂട്ടത്തോടെ ബിജെപി വിടുന്ന ദളിതുകളെ അനുനയിപ്പിക്കാന്‍ യോഗി ആദിത്യനാഥ് ദളിത് കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിച്ചു


JANUARY 15, 2022, 8:42 AM IST

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദളിത് കുടുംബത്തെ സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ചു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള 14 എംഎല്‍എമാരടക്കം പാര്‍ട്ടിവിട്ട സാഹചര്യത്തിലാണ് പ്രശ്‌നം തണുപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം. ദളിത് വിഭാഗത്തോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതന്നാണ് ബിജെപിയില്‍ നിന്നും പുറത്തുപോയ എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു

ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളും ബിജെപി പ്രവര്‍ത്തകനുമായ അമൃത് ലാല്‍ ഭാരതി എന്നയാളുടെ ഗോരഖ്പൂരിലെ വീട്ടിലെത്തിയാണ് യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ഭക്ഷണം കഴിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാന്‍ യോഗി തയ്യാറായില്ല. കുടുംബവാഴ്ചയില്‍ വിശ്വസിക്കുന്നവര്‍ക്ക് ആര്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയില്ലെന്നായിരുന്നു യോഗിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുന്‍പ് പിന്നാക്ക ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗി നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം മുഖ്യമന്ത്രിക്ക് ബിജെപി ദേശീയ നേതൃത്വം കൈമാറിയിട്ടുണ്ട്.

ബിജെപിയില്‍ നിന്ന് എത്തിയ 14 എംഎല്‍എമാരുള്‍പ്പടെയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി വിശാല സഖ്യത്തിന് തയ്യാറെടുക്കുകയാണ് അഖിലേഷ് യാദവ്. ബിജെപി വിട്ടവര്‍ ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖ ആസാദ് എസ്പി ആസ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാശ്വവത്കരിക്കപ്പെട്ടവരോടും ബിജെപി കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ നിന്നും രാജിവെച്ചതെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലെത്തിയ സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ മൗര്യയ്‌ക്കെതിരെ രൂക്ഷമായ നിലപാടാണ് ബിജെപി നടത്തുന്നത്. മകന്‍ ഉത്കര്‍ഷിന് നിയമസഭാ സീറ്റ് നല്‍കാത്തതിനാലാണ് മൗര്യ പാര്‍ട്ടി വിട്ടതെന്ന് ബിജെപി ആരോപിച്ചു.

Other News