സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുത്ത് യു പി പൊലീസ്


JANUARY 14, 2022, 9:23 PM IST

ലഖ്നൗ: സമാജ്വാദി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് യു പി പൊലീസ്. കോിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു, പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു തുടങ്ങിയ കേസുകളാണ് എസ് പിക്കും നേതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ലഖ്നൗ ഗൗതം പല്ലി പൊലീസാണ് പാര്‍ട്ടിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ട്ടി വിട്ട ബി ജെ പി നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ആളെ പങ്കെടുപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

തങ്ങള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച് വെര്‍ച്വലായാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആരെയും ക്ഷണിച്ചിരുന്നില്ലെന്നും പറഞ്ഞ സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് ഉത്തം പ്ടടേല്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുകയായിരുന്നുവെന്നും അറിയിച്ചു. 

ബി ജെ പി നേതാക്കള്‍ ആളെക്കൂട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ആര്‍ക്കും പരാതിയുമില്ലെന്നും തങ്ങളുടെ പരിപാടിയില്‍ ആളുകള്‍ എത്തിയപ്പോഴാണ് കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കേസ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സമാജ്വാദി പാര്‍ട്ടിയുടെ ഒരു പരിപാടിക്കും അനുമതി നല്‍കിയിരുന്നില്ലെന്നാണ് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞത്.

നേരത്തെ, യോഗി മന്ത്രിസഭയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയടക്കം മൂന്ന് മന്ത്രിമാരും അഞ്ച് എം എല്‍ എമാരും പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബി ജെ പി വിട്ടത്. ഇവരെ സ്വീകരിക്കുന്ന ചടങ്ങിലാണ് പ്രോട്ടോക്കോള്‍ ലംഘനം കാണിച്ച് പൊലീസ് കേസെടുത്തിരിക്കുന്നത്.

Other News