ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രത്തിന് അന്തിമ താക്കീത് നല്‍കി സുപ്രീം കോടതി


SEPTEMBER 15, 2021, 6:11 PM IST

ന്യൂഡല്‍ഹി: ട്രിബ്യൂണല്‍ അംഗങ്ങളെ നിശ്ചിയിക്കുന്നതിന് സുപ്രീം കോടതിയടക്കം ഇടപെട്ട് നല്‍കിയ ലിസ്റ്റില്‍ നിന്ന് ചിലരെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി.

'നമ്മള്‍ ഒരു ജനാധിപത്യ രാജ്യമാണ്. നിങ്ങള്‍ നിയമവാഴ്ച പാലിക്കണം,' എന്ന് ബന്ധപ്പെട്ട കേസിന്റെ വിചാരണാ വേളയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

ട്രിബ്യൂണല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ച സമയം സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.

'നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ നിയമനങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്, ഒരുപാട് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ഏതുതരം തെരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്,'- ചീഫ് ജസ്റ്റിസ് രമണ ചോദിച്ചു.

ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗങ്ങളുടെ കാര്യത്തിലും സമാനമായ കാര്യം തന്നെ നടന്നുവെന്നും കോടതി പറഞ്ഞു.

'ഞാനും എന്‍ സി എല്‍ ടി സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാണ്. ഞങ്ങള്‍ 544 പേരെ ഇന്റര്‍വ്യൂ ചെയ്തു. അതില്‍ 11 ജുഡീഷ്യല്‍ അംഗങ്ങളുടെയും 10 ടെക്‌നിക്കല്‍ അംഗങ്ങളുടെയും പേരുകള്‍ നല്‍കി. ഈ ശുപാര്‍ശകളില്‍ നിന്നും ചിലരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കിയുള്ള പേരുകള്‍ വെയ്റ്റ് ലിസ്റ്റിലേക്ക് പോയി,' അദ്ദേഹം പറഞ്ഞു.

അഭിമുഖം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ട് കോവിഡിന്റെയിടയിലും തങ്ങള്‍ രാജ്യമെമ്പാടും സഞ്ചരിച്ചുവെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ സമീപനം വളരെ നിര്‍ഭാഗ്യകരമാണെന്നും തങ്ങളുടെ സമയം പാഴാക്കുകയായിരുന്നോ എന്നും ചോദിച്ചു. അതേസമയം, ചില ശുപാര്‍ശകള്‍ പിന്തുടരാതിരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ മറുപടിയായി പറഞ്ഞത്.

രാജ്യത്തുടനീളമുള്ള ട്രിബ്യൂണലുകളിലും അര്‍ധ- ജുഡീഷ്യല്‍ ബോഡിയിലും ഉള്ള ധാരാളം ഒഴിവുകള്‍ സംബന്ധിച്ച് സുപ്രീം കോടതി സര്‍ക്കാരിന് നേരത്തെ താക്കീത് കൊടുത്തിരുന്നു.

Other News