കാശ്‌മീർ ആഭ്യന്തരവിഷയം:ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക


AUGUST 21, 2019, 2:38 AM IST

ന്യൂഡല്‍ഹി:ജമ്മു കാശ്‌മീർ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യന്‍ നിലപാടിന് അമേരിക്കയുടെ പിന്തുണ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് യു എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പെർ ഇന്ത്യയുടെ നിലപാടിന് പിന്തുണ അറിയിച്ചത്.

കാശ്‌മീർ വിഷയത്തില്‍ അമേരിക്ക ഇടപെടില്ലെന്നു മാര്‍ക്ക് എസ്പെർ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്. പാകിസ്ഥാന് അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ രാജ്‌നാഥ് സിംഗ് ഉന്നയിച്ചു. മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

370-ാം വകുപ്പ് സംബന്ധിച്ച പ്രശ്‌നം  ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും കാശ്‌മീർ  ജനതയുടെ സാമ്പത്തിക വികസനും ഉന്നമനവും ലക്ഷ്യമിട്ടാണ് നടപടിയെന്നും മാര്‍ക്ക് എസ്പെറിനെ രാജ്‌നാഥ് അറിയിച്ചു. യു എസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ മാര്‍ക്ക് എസ്പെറിനെ പ്രതിരോധ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. .

Other News