അമേരിക്കക്ക് ഇനി ഇന്ത്യ 'വികസ്വര' രാഷ്ട്രമല്ല


FEBRUARY 13, 2020, 7:10 PM IST

അമേരിക്കയില്‍ നിന്ന് ഇന്ത്യക്ക് ഇനി 'വികസ്വര' രാഷ്ട്രമെന്ന പ്രത്യേക പരിഗണന ലഭിക്കില്ല. നിര്‍ണായകമായ നീക്കത്തിലൂടെ ട്രംപ് ഭരണം ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയുമുള്‍പ്പടെ വികസ്വര രാഷ്ട്രങ്ങളായിഅറിയപ്പെടുന്ന രണ്ടു ഡസനോളം രാഷ്ട്രങ്ങളുടെ പദവിയില്‍ മാറ്റം വരുത്തി. ഇതോടെ യുഎസിന്റെ ട്രേഡ് റെമഡി നിയമ പ്രകാരം ഈ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കി വന്നിരുന്ന ഇളവുകള്‍ ഇല്ലാതാകും.

കയറ്റുമതികള്‍ക്ക് അന്യായമായ സബ്സിഡികള്‍ നല്‍കുന്നതിലൂടെ  അമേരിക്കയിലെ വ്യവസായങ്ങള്‍ക്ക് ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് തുടര്‍ന്നും അധിക ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വികസ്വര  രാഷ്ട്രങ്ങളെന്നു സ്വയം പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങള്‍ക്ക് യുഎസ് നല്‍കുന്ന പ്രത്യേക പരിഗണനയാണ് ഇതിലൂടെ ഇല്ലാതെയാകുക.

അല്‍ബേനിയ, അര്‍ജന്റീന, അര്‍മേനിയ, ബ്രസീല്‍, ബള്‍ഗേറിയ, ചൈന, കൊളംബിയ, കോസ്റ്ററിക, ജോര്‍ജിയ, ഹോങ് കോങ്, ഇന്ത്യ, ഇന്തോനേഷ്യ, കസാഖ്സ്ഥാന്‍, കിര്‍ഗിസ്  റിപ്പബ്ലിക്ക്, മലേഷ്യ, മൊള്‍ഡോവ , മോണ്ടിനെഗ്രോ, നോര്‍ത്ത്  മാസിഡോണിയ, റൊമാനിയ, സിങ്കപ്പൂര്‍, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തായ്ലന്‍ഡ്, യുക്രൈന്‍, വിയറ്റ്‌നാം എന്നിവയാണ് ഇന്ത്യയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രാഷ്ട്രങ്ങള്‍.

നികുതി ആനുകൂലങ്ങള്‍ നല്‍കേണ്ട വികസ്വര രാഷ്ട്രങ്ങളെ നിര്‍ണ്ണയിച്ച മാനദന്ധം 1998ലാണ് യുഎസ് ആവിഷ്‌ക്കരിച്ചതെന്നും അത് കാലഹരണപ്പെട്ടതിനാല്‍ ഒരു പരിഷ്‌ക്കരണം ആവശ്യമായി വന്നുവെന്നും യുഎസ് ടി ആര്‍ ഓഫിസ് പറയുന്നു.   

                                                                                                      രണ്ടുദശകങ്ങളായി യുഎസ് പിന്തുടര്‍ന്നിരുന്ന വ്യാപാര നയത്തില്‍ നിന്നുമുള്ള പ്രകടമായ വ്യതിചലനമാണിത്. പുതിയ നയപ്രകാരം ലോകത്തിലെ പ്രധാന കയറ്റുമതി രാഷ്ട്രങ്ങളായി വളര്‍ന്നിട്ടുള്ള പല രാജ്യങ്ങള്‍ക്കുമെതിരെ യുഎസ് കര്‍ക്കശമായ പിഴ ചുമത്തുന്നതിനു ഇടയാകും. ലോക വ്യാപാര സംഘടനയുടെ നിര്‍വചനത്തില്‍ വികസ്വര രാഷ്ട്രങ്ങളായി തുടരുന്ന ചൈനയും ഇന്ത്യയുംപോലുള്ള വലിയ രാജ്യങ്ങള്‍ വ്യാപാര നേട്ടങ്ങള്‍ കൊയ്യുന്നതില്‍ പ്രസിഡന്റ് ട്രംപിനുള്ള അസഹിഷ്ണുതയാണ് നയം മാറ്റത്തിലൂടെ പ്രതിഫലിക്കുന്നത്.

കഴിഞ്ഞമാസം സ്വിറ്റസര്‍ലണ്ടിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ പ്രസംഗിക്കവെ ലോക വ്യാപാര സംഘടന യുഎസിനോട് ന്യായമായി പെരുമാറുന്നില്ലയെന്നു ട്രംപ് പറഞ്ഞിരുന്നു. ചൈനയെയും ഇന്ത്യയെയും വികസ്വര രാഷ്ട്രങ്ങളായി കാണുമ്പോള്‍ യുഎസിനെ അങ്ങനെ കാണുന്നില്ലെന്നും തന്റെ അഭിപ്രായത്തില്‍ യുഎസും ഒരു വികസ്വര രാഷ്ട്രം തന്നെയാണെന്നും ട്രംപ് പറയുകയുണ്ടായി.

വികസ്വര രാഷ്ട്രങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിലൂടെ ലോക വ്യാപാര സംഘടന ലക്ഷ്യമിടുന്നത് ദരിദ്ര രാഷ്ട്രങ്ങളിലെ പട്ടിണി കുറക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും   ആഗോള വ്യാപാര ക്രമത്തിന്റെ ഭാഗമായി മാറുന്നതിനു ഈ രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതുമാണ്.

വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സബ്സിഡി സാധനങ്ങളുടെ മൂല്യത്തിന്റെയും കടത്തുകൂലിയുടെയും ഒരു ശതമാനത്തില്‍ കുറവാണെങ്കില്‍ തുല്യമായ തീരുവകള്‍ ചുമത്തുന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ ഗവണ്‍മെന്റുകള്‍ അവസാനിപ്പിക്കണമെന്ന് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ അനുശാസിക്കുന്നു.

ചില വിഭാഗം രാഷ്ട്രങ്ങള്‍ക്ക്   നല്‍കുന്നതായ പ്രത്യേക പരിഗണന അവസാനിപ്പിക്കുന്നതിനാണ് ട്രംപ് ഭരണം തീരുമാനിച്ചിട്ടുള്ളത്. ആഗോള സാമ്പത്തിക സംഘടനകളായ ഗ്രൂപ്പ് 20 , ഒ ഇ സി ഡി എന്നിവയിലെ അംഗങ്ങള്‍,ഉയര്‍ന്ന വരുമാനമുള്ളതായി ലോക ബാങ്ക് നിര്‍വചിച്ചിട്ടുള്ള  രാഷ്ട്രങ്ങള്‍ എന്നിവയെയാണ് ട്രംപ് ഭരണം ഒഴിവാക്കുന്നത്.

വികസ്വര രാഷ്ട്രങ്ങളായി പരിഗണിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന  കാര്യത്തില്‍ 'ഗണ്യമായ പുരോഗതി' ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞ ജൂലൈയില്‍  യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ് റോബര്‍ട്ട്  ലൈറ്റിസിറിനോട്  ട്രംപ്ആവശ്യപ്പെട്ടിരുന്നു ഇല്ലെങ്കില്‍ യുഎസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

ബ്രസീല്‍.സിങ്കപ്പൂര്‍, സൗത്ത് കൊറിയ എന്നിവയുള്‍പ്പെടെ  യുഎസ് ടി ആര്‍ ഓഫിസ് പട്ടികയില്‍ നിന്നും ഒഴിവാക്കിയ പല രാജ്യങ്ങളും ഭാവിയിലെ വ്യാപാര കൂടിയാലോചനകളില്‍ വികസ്വര രാഷ്ട പദവി ഒഴിവാക്കാമെന്ന് സമ്മതിച്ചിരുന്നു.

Other News