യുഎസ് സംഘം പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തി


OCTOBER 8, 2019, 1:39 PM IST

ഇസ്ലാമാബാദ്:  യുഎസ് കോണ്‍ഗ്രസിലെ ഉന്നത പ്രതിനിധി സംഘം പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തി. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെതുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനും ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയുന്നതിനും വേണ്ടിയാണ് യുഎസ് സംഘം എത്തിയത്.

സെനറ്റര്‍മാരായ ക്രിസ് വാന്‍ ഹോളന്‍, മാഗി ഹസന്‍, അംബാസഡറുടെ ചുമതലയുള്ള പോള്‍ ജോണ്‍സ് എന്നിവരടങ്ങുന്ന സംഘം പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലെത്തി.

ഇന്ത്യന്‍ ഭരണഘടനയില്‍ കശ്മീരിനു വേണ്ടി മാത്രം ഉറപ്പുവരുത്തിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ ജനജീവിതം മരവിപ്പിലാക്കിയിരുന്നു. കശ്മീരിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ തീരുമാനത്തിലൂടെ നടപ്പിലായത്. ഇന്ത്യന്‍ നടപടികള്‍ മനുഷ്യാവകാശ ലംഘനത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നതെന്ന് യുഎസ് സെനറ്റര്‍മാര്‍ പറഞ്ഞു.

കരുതല്‍തടങ്ങലിലാക്കിയവരെ മോചിപ്പിക്കുക, കര്‍ഫ്യൂ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് സംഘം പറഞ്ഞു. പാക് അധിനിവേശ കശ്മീരിലെ നേതാക്കളായ സര്‍ദാര്‍ മന്‍സൂര്‍ ഖാന്‍, രാജാ ഫറൂഖ് ഖാന്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി. 

Other News