കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന യൂസഫ്  തരിഗാമിയെ ഡല്‍ഹി  എയിംസിലേക്ക്‌  മാറ്റി


SEPTEMBER 9, 2019, 12:50 PM IST

ന്യൂഡല്‍ഹി:  ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ സന്ദര്‍ശിച്ച ശേഷം തരിഗാമിയുടെ ആരോഗ്യനില മോശമാണെന്ന് കാട്ടി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

തരിഗാമിയെ അനധികൃതമായാണ് വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സീതാറാം യെച്ചൂരി സുപ്രിം കോടതിയെ സമീപിച്ചത്.വീട്ടുതടങ്കലില്‍ കഴിയുന്ന തരിഗാമിയുമായി സീതാറം യെച്ചൂരി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രിം കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. കശ്മീരില്‍ പോകുക, തരിഗാമിയെ കാണുക, തിരിച്ചുവരിക എന്നതിനാണ് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ ലക്ഷ്യത്തോടെയാകരുത് സന്ദര്‍ശനമെന്നും ഉത്തരവ് ലംഘിച്ച് മറ്റ് പരിപാടികളില്‍ പങ്കെടുത്താല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പും നല്‍കിയിരുന്നു.തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിലായതിനാല്‍ ചികിത്സ നടത്താന്‍ ഒരു വഴിയുമില്ലെന്നും തരിഗാമിക്ക് ചികിത്സ ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരോപിച്ചിരുന്നു.

ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയുളള സത്യവാങ്മൂലമാണ് യെച്ചൂരി സുപ്രിം കോടതിയില്‍ നല്‍കിയത്. ഇത് കണക്കിലെടുത്താണ് തരിഗാമിയെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിം കോടതി പിന്നീട് ഉത്തരവിട്ടത്.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരിലെ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വീട്ടുതടങ്കലിലാക്കിയത്.