ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍. കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. റിട്ടയേഡ് സുപ്രിം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
ഗോവക്കു പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡെന്നും ഏത് മതത്തില്‍ പെട്ടവരായാലും സമൂഹത്തിലെ ഏത് വിഭാഗത്തില്‍ പെട്ടവരായാലും ആളുകള്‍ക്കായി ഞങ്ങള്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു.
എന്നാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് ആള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി. 'ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കം' എന്നാണ് നടപടിയെ ആള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിശേഷിപ്പിച്ചത്. പണപ്പെരുപ്പം, സമ്പദ് വ്യവസ്ഥ, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും അവര്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയമവിദഗ്ധരുള്‍പ്പെടെയുള്ള സംഘമായിരിക്കും കമ്മിറ്റിയിലുണ്ടാകുകയെന്നും അറിയിച്ച ധാമി സമിതി സമര്‍പ്പിക്കുന്ന കരട് രേഖ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും പറഞ്ഞു. ഉത്തരാഖണ്ഡ് നടപ്പിലാക്കുന്ന ഏകീകൃത സിവില്‍ കോഡ് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധാമി പറഞ്ഞു.
നേരത്തെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും ഏകീകൃത സിവില്‍ കോഡ് ഉടന്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.