ഓണത്തിന് കൂടുതല്‍ വിമാന സര്‍വീസുകള്‍; പ്രവാസികളുടെ ക്ഷേമത്തിന് മുൻഗണന: കേന്ദ്രമന്ത്രി 


AUGUST 19, 2019, 2:17 AM IST

കൊച്ചി: പ്രവാസികള്‍ക്ക് ഇക്കുറി ഓണത്തിന് നാട്ടിലെത്താന്‍ കൂടുതല്‍ വിമാനങ്ങള്‍. ഓണം സീസണിലെ തിരക്ക് പരിഗണിച്ച്‌ ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പ്രവാസി ലീഗല്‍ സെല്‍ 10-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുന്‍പ് നയതന്ത്രത്തില്‍ മാത്രമാണ് വിദേശകാര്യ വകുപ്പ് ശ്രദ്ധിച്ചിരുന്നതെങ്കില്‍ മോഡി സര്‍ക്കാര്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും ക്ഷേമത്തിനും കൂടി മുന്തിയ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉത്സവ - അവധി കാലങ്ങളിലെല്ലാം ഇത്തരത്തില്‍ വിദേശത്തുനിന്നു കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാമെന്നു വ്യോമയാന മന്ത്രി കേരളത്തിലെ എം പിമാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നു യൂറോപ്പിലേക്ക് ഗള്‍ഫ് വഴി അല്ലാതെ നേരിട്ട് കണക്റ്റിവിറ്റി നല്‍കുന്ന വിമാന സര്‍വീസ് വേണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച്‌ പഠിച്ചു നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

പ്രവാസികള്‍ക്കായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതി കഴിഞ്ഞ രണ്ടര മാസമായി സംഭവിച്ചിട്ടില്ല. വിദേശത്തു ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്കു ശിക്ഷാ കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അറുപതിലേറെ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

പല കാരണങ്ങള്‍ കൊണ്ട് ചില പ്രവാസി തടവുകാര്‍ ഈ സൗകര്യം വേണ്ടെന്നു വയ്ക്കുന്നു. റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാന്‍ കഴിയുന്ന രീതിയിലാണ് എമിഗ്രേഷന്‍ നിയമം പരിഷ്‌കരിക്കുന്നത് - മുരളീധരന്‍ പറഞ്ഞു.

Other News