രാജ്യദ്രോഹ കേസില്‍ എം.ഡി.എം .കെ നേതാവ് വൈക്കോക്ക് ഒരു വര്‍ഷം തടവ്


JULY 5, 2019, 2:54 PM IST

ചെന്നൈ :  രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട എം.ഡി.എം.കെ  നേതാവ് വൈക്കോക്ക് ഒരു വര്‍ഷം തടവ്. ചെന്നൈ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ല്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് വൈക്കോയ്ക്ക് വിനയായത്.  പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു .'എല്‍.ടി.ടി.ഇക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ ഒരൊറ്റ രാജ്യമായി അവശേഷിക്കില്ല' എന്നായിരുന്നു പരാമര്‍ശം. 'നാന്‍ കുറ്റം സാത്ത്കിറേന്‍ ' (ഞാന്‍ കുറ്റം ആരോപിക്കുന്നു) എന്ന തന്റെ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു വിവാദ പരാമര്‍ശം. ഇന്ത്യയുടെ അഖണ്ഡതക്കെതിരെ സംസാരിച്ചുവെന്നതായിരുന്നു വൈക്കോക്കെതിരായ കുറ്റം.അതേസമയം വൈക്കോക്കെതിരെ അന്ന് കേസ് ഫയല്‍ ചെയ്ത ഡി.എം.കെയുടെ സഖ്യകക്ഷിയാണ് ഇന്ന് എം.ഡി.എം.കെ . രാജ്യസഭാ അംഗത്തെ തെരഞ്ഞെടുക്കാനുള്ള അംഗസംഖ്യയൊന്നും എം.ഡി.എം.കെക്കില്ലെങ്കിലും ലോക്‌സഭാ ഇലക്ഷനിലെ സഖ്യധാരണ പ്രകാരം ഡി.എം.കെ പിന്തുണയോടെ രാജ്യസഭാ അംഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു വൈക്കോ. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണെന്നിരിക്കെ അതിനായുള്ള ഒരുക്കത്തിലായിരുന്നു വൈക്കോ.ഡി.എം.കെ യിലായിരുന്നപ്പോള്‍ മൂന്നു തവണ രാജ്യസഭാ അംഗമായിട്ടുള്ള വൈക്കോ രണ്ടു തവണ ലോക്‌സഭാ അംഗവുമായിട്ടുണ്ട്. മുന്‍പ് 2002 ല്‍ നിരോധിത സംഘടനയായ എല്‍.ടി.ടി.ഇ യെ പിന്തുണച്ച് പ്രസംഗിച്ചുവെന്ന കുറ്റത്തിന് വൈക്കോയെ ജയലളിത സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമമായ പോട്ടക്ക് കീഴിലെ വകുപ്പുകള്‍ ചാര്‍ത്തി വെല്ലൂര്‍ ജയിലിലടക്കുകയുണ്ടായിട്ടുണ്ട്. 2014 ലാണ് ആ കേസ് പിന്‍വലിച്ചത്.

Other News