മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്പാല്‍ റെഡ്ഡി അന്തരിച്ചു


JULY 28, 2019, 4:08 PM IST

ഹൈദരാബാദ്:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു.  ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന റെഡ്ഡി  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1942 ജനുവരി 16 നാണു ജനനം. തെലങ്കാനയിലെ ചെവല പാര്‍ലിമെന്റിനെ പ്രതനിധീകരിച്ച് 15ാം ലോക്സഭയില്‍ അംഗമായിരുന്ന ഇദ്ദേഹം 2014 ല്‍ മിര്‍യാല്‍ഗുഡ മണ്ഡലത്തില്‍ നിന്നാണ് പാര്‍ലമെന്റില്‍ എത്തിയത്. 2012 ഒക്ടോബര്‍ 29 മുതല്‍ 2014 മെയ് വരെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.ഐ.കെ. ഗുജ്‌റാള്‍ മന്ത്രിസഭയിലും ഒന്നാം, രണ്ടാം യു.പി.എ. സര്‍ക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്ന ഇദ്ദേഹം  വാര്‍ത്തവിതരണം, പെട്രോളിയം, ശാസ്ത്രസാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1998ല്‍ ഐ കെ ഗുജാറാള്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്നു. ആദ്യകാലത്ത് കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 21 വര്‍ഷത്തിനു ശേഷമാണ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.   തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച എസ്. ജയ്പാല്‍ റെഡ്ഡി ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയത്തിലെത്തിയത്. നാലുതവണ എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീടാണ് വീണ്ടും കോണ്‍ഗ്രസിലെത്തിയത്. ആകെ അഞ്ചുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  1998ല്‍ മികച്ച പാര്‍ലമെന്റംഗത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

Other News