കര്‍ഫ്യൂ പ്രഖ്യാപിച്ച മണിപ്പൂരില്‍ വീണ്ടും അക്രമം; ഒരാള്‍ കൊല്ലപ്പെട്ടു


MAY 24, 2023, 4:43 PM IST

ഇംഫാല്‍: കര്‍ഫ്യൂ പ്രഖ്യാപിച്ച മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ മെയ് 24 ന് നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയ് 23 ന് ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗബക്ചാവോയില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ചില അക്രമികള്‍ മൂന്ന് വീടുകള്‍ കത്തിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.  പ്രതികാരമായി മറ്റൊരു സമുദായത്തിലെ ചില യുവാക്കള്‍ നാല് വീടുകള്‍ കത്തിച്ചു.

അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ ഇളവ് ജില്ലാ അധികൃതര്‍ റദ്ദാക്കി. നേരത്തെ, കര്‍ഫ്യൂവില്‍ രാവിലെ 5 മുതല്‍ വൈകിട്ട് 4 വരെ ഇളവ് നല്‍കിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗിലെ ചില ഗ്രാമങ്ങളില്‍ ആയുധധാരികളായ യുവാക്കള്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഹളം കേട്ട് മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പിലെ ചില അന്തേവാസികള്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ പുറത്തേക്ക് വന്നു. ചുരാചന്ദ്പൂര്‍ തെന്‍ഗ്ര ലെയ്കൈയിലെ തോജം ചന്ദ്രമണി എന്ന യുവാവിന്റെ നെഞ്ചില്‍ വെടിയേറ്റു വെടിയുണ്ട നെഞ്ചു തുളച്ച് പുറത്തേക്ക് വന്നു.  ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ കൊണ്ടുവന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ നിലനിന്നെങ്കിലും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ചിലര്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മെയ് 4 മുതല്‍ മണിപ്പൂരില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്. അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്‌തെങ്കിലും അക്രമം തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അക്രമം നിയന്ത്രിക്കാന്‍ കേന്ദ്രസേനയുടെ നിരവധി കമ്പനികളെ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ചില മേഖലകളില്‍ ആവര്‍ത്തിച്ചുള്ള അക്രമങ്ങളെ നേരിടാന്‍ തന്റെ സര്‍ക്കാര്‍ 20 കമ്പനി കേന്ദ്ര സുരക്ഷാ സേനയെ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി എന്‍. ബീരന്‍ പറഞ്ഞു.

Other News