വ്യോമമിത്ര പറക്കും ബഹിരാകാശത്തേക്ക്


JANUARY 22, 2020, 7:38 PM IST

ബങ്കളൂരു: മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രക്കു മുമ്പേ ഹ്യൂമനോയ്ഡിനെ അയക്കാന്‍ ഐ എസ് ആര്‍ ഒ പദ്ധതി തയ്യാറാക്കിയതായി ചെയര്‍മാന്‍ ഡോ. കെ ശിവന്‍ അറിയിച്ചു. ബങ്കളൂരുവില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലാണ് ഹ്യുമനോയിഡിന്റെ ബഹിരാകാശ യാത്ര അദ്ദേഹം പ്രഖ്യാപിച്ചത്. 

ഗഗന്‍യാന്റെ മനുഷ്യരില്ലാത്ത ആദ്യ രണ്ടുഘട്ട മിഷനുകളിലാണ് ഹ്യുമനോയ്ഡ് യാത്ര പോവുക. 2022ലാണ് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം പറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അതിനുമുമ്പായി ഈ വര്‍ഷവും അടുത്ത വര്‍ഷവുമാണ് ഹ്യുമനോയിഡിനെ പരീക്ഷിക്കുന്നത്. 

ഇന്ത്യയ്ക്കു വേണ്ടി ബഹിരാകാശ യാത്ര നടത്താന്‍ വ്യോമമിത്ര എന്ന ഹ്യുമനോയ്ഡിനെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ് ഐ എസ് ആര്‍ ഒയുമായി ചേര്‍ന്ന് വ്യോമമിത്രയെ വികസിപ്പിച്ചത്. മനുഷ്യരെ പോലെ സാഹചര്യങ്ങളോട് പ്രതികരിക്കാനും പെരുമാറാനും സാധിക്കുന്ന രീതിയിലാണ് വ്യോമമിത്രയെ രൂപകല്‍പന ചെയ്തിരിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് വ്യോമമിത്രയെ തയ്യാറാക്കിയത്. ഭൂമിയില്‍ നിന്ന് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനും അനുസരിക്കാനും അവരുമായി സംവദിക്കാനും വ്യോമമിത്രയ്ക്ക് സാധിക്കും. 

കാഴ്ചയില്‍ മനുഷ്യനെ പോലെ തോന്നിക്കുന്ന വ്യോമമിത്രയ്ക്ക് മനുഷ്യര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള ഒട്ടുമിക്ക ശാരീരിക ചലനങ്ങളും നിര്‍വഹിക്കാനാവും. ബഹിരാകാശ വാഹനത്തിന്റെ വലിപ്പം കുറക്കുക എന്ന ലക്ഷ്യത്തോടെ വ്യോമമിത്രയ്ക്ക് കാലുകള്‍ നിര്‍മിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അര്‍ധ ഹ്യുമനോയ്ഡ് എന്ന രീതിയിലാണ് വ്യോമമിത്രയെ പരിഗണിക്കുന്നത്. 

ബങ്കളൂരുവില്‍ നടന്ന സിമ്പോസിയത്തില്‍ വ്യോമമിത്ര തന്നെ പരിചയപ്പെടുത്തുകയും മിഷനെ കുറിച്ച് വിവരിക്കുകയും ചെയ്തു. 2022 ആഗസ്ത് 15നാണ് ബഹിരാകാശത്തേക്ക് ഇന്ത്യ യാത്രക്കാരെ അയക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ചെലവ് പതിനായിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

Other News