ഗുജറാത്ത് കലാപത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ വിലക്കെന്തിനെന്ന് സീതാറാം യെച്ചൂരി


JANUARY 24, 2023, 5:34 PM IST

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ഡോക്യുമെന്ററി നിരോധിക്കുന്നതിന് 'അടിയന്തര' അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണ്. 2002ലെ കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നതെന്തിനാണെന്ന് യെച്ചൂരി ചോദിച്ചു. 

'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററി ഡി വൈ എഫ്ഐയും എസ് എഫ് ഐയും സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം ലോ കോളേജിലും കണ്ണൂര്‍ സര്‍വ്വകലാശാലയിലും കോഴിക്കോട് മുതലക്കുളത്തും പാലക്കാട് വിക്ടോറിയ കോളേജിലുമാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കോഴിക്കോട് നടന്ന പ്രദര്‍ശനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് സ്വിച്ച് ഓണ്‍ ചെയ്തു. മുതലക്കുളം സരോജ് ഭവന് പുറത്ത് പൊലീസ് കാവലിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളിന്് പുറത്തുവച്ചാണ് ഡോക്യുമെന്ററി എസ് എഫ് ഐ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചത്. വിക്ടോറിയ കോളേജിലെ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയാണ് ഉച്ചയോടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കിയിട്ടുണ്ട്. 

യൂത്ത് കോണ്‍ഗ്രസും കെ പി സി സി ന്യൂനപക്ഷ സെല്ലും സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും തൃശൂരിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും ഡി വൈ എഫ് ഐയും അറിയിച്ചു.ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് സംസ്ഥാന വ്യാപക പ്രദര്‍ശനവുമായി ഡി വൈ എഫ് ഐയും എസ് എഫ്ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയത്. ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് പറയുന്നതായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്‌ലിം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാം ഭാഗമെന്ന് ബി ബി സി നേരത്തെ വ്യക്തമാക്കിയിരുന്നു.

Other News