പഞ്ചാബില്‍ മുന്‍ സഖ്യകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കില്ലെന്ന് സുഖ്ബീര്‍ ബാദല്‍


NOVEMBER 24, 2021, 7:11 AM IST

അമൃത്‌സര്‍: തന്റെ പാര്‍ട്ടിക്ക് ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി ഉറച്ച സഖ്യമുണ്ടെന്നും മുന്‍ സഖ്യകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുമായി കൈകോര്‍ക്കില്ലെന്നും ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ചൊവ്വാഴ്ച പറഞ്ഞു.

എസ്എഡിയുടെ ഭാവി ബിഎസ്പിയിലാണെന്നും ഹോഷിയാര്‍പൂരില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ചബ്ബേവാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി ഞങ്ങള്‍ക്ക് ഉറച്ച സഖ്യമുണ്ട്,'' എസ്എഡി ബിജെപിയുമായി കൈകോര്‍ക്കില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കാര്‍ഷിക നിയമങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ശിരോമണി അകാലിദള്‍ ദേശീയ ജനാധിപത്യ സഖ്യം ഉപേക്ഷിച്ചതോടെയാണ് ബിജെപിയും എസ്എഡിയും തമ്മിലുള്ള പഴയ സഖ്യം തകര്‍ന്നത്.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്, എസ്എഡി-ബിഎസ്പി സഖ്യം, ആം ആദ്മി പാര്‍ട്ടി, ബിജെപി എന്നിവര്‍ തമ്മില്‍ ബഹുകോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കായി വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, കെജ്‌രിവാള്‍ പഞ്ചാബില്‍ നടത്തുന്ന  വാഗ്ദാനങ്ങള്‍ ആദ്യം ഡല്‍ഹിയില്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് ബാദല്‍ പറഞ്ഞു.

'ആദ്യം, അദ്ദേഹം ഡല്‍ഹിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് സ്ഥിരം ജോലി നല്‍കണം. എന്നിട്ടു മതി പഞ്ചാബിലുള്ളവര്‍ക്ക് സ്ഥിരം ജോലി ഉറപ്പ് നല്‍കല്‍. തെറ്റായ ഉറപ്പ് നല്‍കി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ കെജ്രിവാളിന് കഴിയില്ലെന്നും ബാദല്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെജ്രിവാളും ചന്നിയും സംസ്ഥാനത്തെ ജനങ്ങളോട് കള്ളം പറയുകയും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് ബാദല്‍ ആരോപിച്ചു.

പഞ്ചാബില്‍ താന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സ്വന്തം സംസ്ഥാനത്ത് നടപ്പാക്കി കേജ്രിവാള്‍ ആത്മാര്‍ത്ഥത തെളിയിക്കണം, അല്ലാത്തപക്ഷം പഞ്ചാബികള്‍ അദ്ദേഹത്തെ വിശ്വസിക്കില്ല. എന്തുകൊണ്ടാണ് അദ്ദേഹം സ്ത്രീകള്‍ക്ക് അലവന്‍സും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഡല്‍ഹിയില്‍ ജോലിയും ക്രമീകരിക്കാതിരുന്നത്? ' അദ്ദേഹം ചോദിച്ചു.

Other News