സ്ത്രീധനം കുറഞ്ഞു: 21 കാരിയെ ഭര്‍തൃ വീട്ടുകാര്‍ ആസിഡ് കുടിപ്പിച്ചു കൊന്നു


AUGUST 14, 2019, 4:21 PM IST

ലക്‌നൗ: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ 21 കാരിയെ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹേദിയിലാണ് ദാരുണ സംഭവം. യശോദ ദേവിയെന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ പിതാവ് ഗിരീഷ് ശര്‍മയാണ് മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന്  ആരോപിച്ചത്.യശോദ അതിരാവിലെ വിളിച്ചിരുന്നുവെന്നും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയാണെന്നും എന്തോ ദ്രാവകം കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. അവര്‍ വളരെ ഭയപ്പെട്ടതായാണ് തോന്നിയത് -ഗിരീഷ് ശര്‍മ്മ പറഞ്ഞു.ഉടന്‍ തന്നെ ബഹേദി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മകനെയും കൂട്ടി യശോദയുടെ ഭര്‍തൃവീട്ടില്‍ എത്തിയപ്പോള്‍ തറയില്‍ മരണവെപ്രാളത്തോടെ ശ്വാസത്തിന് വേണ്ടി തന്റെ മകള്‍ പിടയുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ആ സമയത്ത് വീട്ടില്‍ വേറെ ആരുമുണ്ടായിരുന്നില്ല. മകളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്  എത്തിച്ചപ്പോഴേക്കും നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വഴിമധ്യേ യശോദ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു യശോദയുടെ വിവാഹം. അന്ന് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ തന്റെ മകള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ ഭര്‍ത്താവ് ഓംകറിനെതിരെ യശോദ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി. എന്നാല്‍ അതിന് ശേഷവും തന്റെ സഹോദരിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ മനീഷ് പറഞ്ഞു.

Other News