ഭര്‍ത്താവ് മരിച്ച ദു:ഖം താങ്ങാനാവാതെ ഭാര്യയും ജീവനൊടുക്കി


MAY 27, 2023, 7:04 AM IST

ഹൈദരാബാദ്: ഭര്‍ത്താവിന്റെ മരണം കടുത്ത മനോവിഷമത്തിലാക്കിയ ഭാര്യയും ജീവനൊടുക്കി. ഹൈദരാബാദിലെ ബാഗ് ആംബര്‍പേട്ടിലെ ഡിഡി കോളനിയിലെ സഹിതി (29) എന്ന യുവതിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സഹിതിയുടെ ഭര്‍ത്താവ് മനോജിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു സഹിതി. ആറ് മാസം മുമ്പായിരുന്നു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മനോജുമായുള്ള സഹിതിയുടെ വിവാഹം.

വിവാഹത്തിനു പിന്നാലെ ഇരുവരും യുഎസ്സിലേക്ക് താമസം മാറി. ഇവിടെയായിരുന്നു മനോജിന് ജോലി. മെയ് രണ്ടിന് മാതാപിതാക്കളെ കാണാന്‍ സഹിതി നാട്ടിലെത്തിയിരുന്നു. മനോജ് യുഎസ്സില്‍ തന്നെ തുടര്‍ന്നു. ഇതിനിടയിലാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.

ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായുള്ള മരണത്തിന്റെ ഞെട്ടലിലായിരുന്നു യുവതി. മെയ് 24 നായിരുന്നു മനോജിന്‌റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇതിനു ശേഷം സഹിതിയെ മാതാപിതാക്കള്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. സംഭവ ദിവസം രാത്രി സഹോദരിക്കൊപ്പമായിരുന്നു സഹിതി ഉറങ്ങാന്‍ കിടന്നത്.

രാവിലെ സഹോദരി പുറത്തുപോയ സമയത്ത് മുറി അകത്തു നിന്ന് പൂട്ടി സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാര്‍ വാതില്‍ പൊളിച്ചാണ് അകത്തു കടന്നത്. ഈ സമയത്തിനുള്ളില്‍ മരണം സംഭവിച്ചിരുന്നു.

Other News