ന്യൂഡല്‍ഹി: ലോക്സഭ ബുധനാഴ്ച പാസാക്കിയ വനിതാ സംവരണ ബില്‍ ഇന്ന് (വ്യാഴം) രാജ്യസഭയുടെ പരിഗണനയ്ക്കെത്തും. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ ബുധനാഴ്ചയാണ് ലോക്സഭ പാസാക്കിയത്. നാരി ശക്തി വന്ദന്‍ അധീനിയം എന്ന ബില്‍ എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അംഗീകരിക്കപ്പെട്ടത്.
27 വര്‍ഷമായി പാര്‍ടികള്‍ക്കിടയില്‍ അഭിപ്രായസമന്വയമില്ലാത്തതിനാല്‍ 27 വര്‍ഷമായി തീരുമാനങ്ങളില്ലാതെ കിടക്കുകയായിരുന്നു വനിതാ സംവരണ ബില്‍. ഇത് പുനരുജ്ജീവിപ്പിച്ചാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് ശേഷം 454 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചും രണ്ട് പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി പാസാക്കിയ ബില്ലിന്റെ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നിഹിതനായിരുന്നു.
മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകള്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഉടന്‍ നടപ്പാക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിനിടയിലാണ് ലോക്സഭയില്‍ ബില്‍ സുഗമമായി പാസാക്കിയത്. എന്നാല്‍ 2029-ഓടെ സെന്‍സസും അതിര്‍ത്തി നിര്‍ണയവും പൂര്‍ത്തിയാകുമ്പോള്‍ ക്വാട്ട നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംവരണം പ്രാബല്യത്തില്‍ വരുന്നതില്‍ കാലതാമസം വരുത്തുന്നത് സ്ത്രീകളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്ന് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വാദിച്ചു. ഒബിസി സ്ത്രീകളെ നിര്‍ദ്ദിഷ്ട നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതിന് സോണിയ ശക്തമായ പിന്തുണ നല്‍കി.
വനിതാ സംവരണ ബില്‍ പ്രതിപക്ഷ ഗ്രൂപ്പായ ഇന്ത്യ രൂപീകരിച്ചതിന് ശേഷമുള്ള സര്‍ക്കാരിന്റെ പരിഭ്രാന്തിയുള്ള പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ഇതിനെ 'ജുംല' (ഗിമ്മിക്ക്) എന്നും അവര്‍ വിശേഷിപ്പിച്ചു.
വനിതാ സംവരണം 2024ല്‍ അല്ല 2029 ല്‍ പോലും സാധ്യമായേക്കില്ലെന്ന് ബില്ലിനെ കുറിച്ച് സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര പറഞ്ഞു.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അംഗം സുപ്രിയ സുലെ നിയമനിര്‍മ്മാണത്തെ 'പോസ്റ്റ്-ഡേറ്റഡ് ചെക്ക്' എന്ന് വിശേഷിപ്പിക്കുകയും അത് നടപ്പിലാക്കുന്നതിനുള്ള തീയതിയും സമയക്രമവും വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
നിര്‍ദിഷ്ട നിയമം നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാറ്റിവച്ച ആഭ്യന്തരമന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പിന് ശേഷം ഉടന്‍ തന്നെ സെന്‍സസ്, ഡീലിമിറ്റേഷന്‍ പ്രക്രിയകള്‍ നടത്തുമെന്നും വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും പറഞ്ഞു. 2029ന് ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമാകുമെന്ന് ഷാ സൂചിപ്പിച്ചു.
ഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി ബില്ലിനെതിരായ ഏക എതിര്‍ശബ്ദമായിരുന്നു. ഈ നടപടി 'സവര്‍ണ്ണ സ്ത്രീകള്‍ക്ക്' മാത്രം സംവരണം നല്‍കുമെന്നും പാര്‍ലമെന്റില്‍ കുറച്ച് പ്രാതിനിധ്യമുള്ള ഒബിസി, മുസ്ലീം സ്ത്രീകളെ ഒഴിവാക്കുമെന്നും വാദിച്ചു. അദ്ദേഹവും ഇംതിയാസ് ജലീലും ബില്ലിനെതിരെ വോട്ട് ചെയ്തു. എഐഎംഐഎമ്മിന് ലോക്‌സഭയില്‍ രണ്ട് അംഗങ്ങളാണുള്ളത്.
ലോക്‌സഭയില്‍ ഇത്രയും മികച്ച പിന്തുണയോടെ ബില്‍ പാസാക്കിയതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.