വനിതാ സംവരണ ബില്‍ അവതരണത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്


SEPTEMBER 19, 2023, 9:05 AM IST

ന്യൂഡല്‍ഹി: ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. എന്നാല്‍ നിര്‍ദ്ദിഷ്ട ബില്ലിന്റെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നും പാര്‍ട്ടി അറിയിച്ചു.

'വനിതാ സംവരണം നടപ്പിലാക്കണമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും ബില്ലിന്റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു.' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുമ്പുള്ള സര്‍വകക്ഷി യോഗത്തില്‍ വിഷയം വളരെ നല്ല രീതിയില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും, രഹസ്യത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നതിന് പകരം സമവായം ഉണ്ടാക്കാമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്ന വിശദമായ പോസ്റ്റും അദ്ദേഹം പങ്കുവച്ചിരുന്നു.

 'വനിതാ സംവരണം അംഗീകരിച്ചുവെന്ന് എല്ലാ ടിവി ചാനലുകളും പറയുന്നു, എന്നിരുന്നാലും, ഇക്കാര്യം ഇതുവരെ ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.' ബില്ലിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ കവിത പറഞ്ഞു.

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കള്‍ ഈ സുപ്രധാന ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ പതിവ് പത്രസമ്മേളനം ഒഴിവാക്കിയതിനാല്‍ ബില്ലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകുകയാണ്.

Other News