ന്യൂദല്‍ഹി: യശോഭൂമി എന്ന് പേരിട്ട ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അന്‍ഡ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ട ഉദ്ഘാടനം ദ്വാരകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. യോശോ ഭൂമി, ജി20 ഉച്ചകോടിക്ക് കേന്ദ്രമായി സ്ഥലം എന്നിവ ദല്‍ഹിയെ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
യശോഭൂമി യാഥാര്‍ഥമായതോടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക ഉത്പന്നങ്ങള്‍ രാജ്യാന്തര തലത്തിലേക്ക് എത്തിക്കാന്‍ യശോഭൂമി പ്രധാന പങ്കുവഹിക്കുമെന്നും മോദി പറഞ്ഞു. 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാന ഓഡിറ്റോറിയം, ഗ്രാന്‍ഡ് ബോള്‍റൂം, 11,000 പ്രതിനിധികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും യോഗങ്ങള്‍ നടത്താന്‍ കഴിയുന്നതുമായ 13 മുറികള്‍ എന്നിവയുള്‍പ്പെടെ 15 സമ്മേളന മുറികളാണ് ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ എല്‍ഇഡി മീഡിയ സംവിധാനമാണ് കണ്‍വെന്‍ഷന്‍ സെന്ററിലുള്ളത്.