പശുമാംസം കൊണ്ടുപോയെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവിന് ക്രൂര മര്‍ദനം; പോലീസ് കാഴ്ചക്കാരായി


AUGUST 1, 2020, 1:51 PM IST

ന്യൂഡല്‍ഹി: ലോറിയില്‍ പശുമാംസം കൊണ്ടുപോയെന്ന് ആരോപിച്ച് ഡ്രൈവറായ യുവാവിന് കിരാത മര്‍ദനം. ഹരിയാനയില്‍ ഗുഡ്ഗാവിനു സമീപം ബാദ്ഷാപുര്‍ ഗ്രാമത്തിലാണ് ലുക്ക്മാന്‍ എന്ന യുവാവിനെ പൊലീസിന്റെ കണ്‍മുന്നില്‍ ഗോംസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘം മര്‍ദിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതിനുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എട്ടു കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാം ഗോ സംരക്ഷക സംഘം ലോറി  തടഞ്ഞശേഷം ലുക്ക്മാനെ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു.

പൊലീസെത്തിയെങ്കിലും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്നാണ് ആരോപണം.തലയില്‍ നിന്നു രക്തമൊലിച്ചു നിരായുധനായി നിലത്തിരിക്കുന്ന ലുക്ക്മാനെ തൊഴിക്കുന്നതും ചവിട്ടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഒരാള്‍ തുടര്‍ച്ചയായി മുഖത്തു ചവിട്ടുമ്പോള്‍ മാത്രമാണ് പൊലീസ് ഇടപെടുന്നത്.

ഇരുപത്തഞ്ചുകാരനായ ലുക്ക്മാനെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചെന്നും പരുക്കുകള്‍ അപകടകരമല്ലെന്നും പൊലീസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലോറിയിലുണ്ടായിരുന്ന മാംസം പരിശോധനയ്ക്ക് അയച്ചു. അതേസമയം, ലോറിയിലുണ്ടായിരുന്നത് പോത്തിറച്ചിയാണെന്ന് അമ്പതുവര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന താഹിര്‍ പറഞ്ഞു.

Other News