ന്യൂദല്‍ഹി: വൈ എസ് ആര്‍ ടി പി അധ്യക്ഷ വൈ എസ് ശര്‍മിള വീണ്ടും തെലങ്കാന പൊലീസിന്റെ കസ്റ്റഡിയിലായി. മൂന്നാം തവണയാണ് ശര്‍മിളയെ അറസ്റ്റ് ചെയ്യുന്നത്. തെലങ്കാനയില്‍ കെ സി ആര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. നാലാഴ്ച്ചക്കിടയിലാണ് തുടരെ തുടരെയുള്ള കസ്റ്റഡിയിലെടുക്കല്‍.
ഒരാഴ്ച്ച് മുമ്പ് പ്രതിഷേധത്തിനിടയില്‍ ശര്‍മിള കാറിനുള്ളിലിരിക്കവെ അവരുടെ കാര്‍ ഉള്‍പ്പെടെ പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നു. നിര്‍ദേശം ലംഘിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധ നടപടികള്‍ തുടര്‍ന്നതിനെതിരെയാണ് പൊലീസിന്റെ നടപടി. തെലങ്കാനയില്‍ കെ സി ആര്‍ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ വൈ എസ് ആര്‍ ടി പി വന്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മിളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പദയാത്ര ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. കൂടാതെ വൈ എസ് ആര്‍ ടി പിയും കെ സി ആറും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുകള്‍ വരെയുണ്ടായി.
പദയാത്രയുടെ ആദ്യ ദിവസമാണ് ശര്‍മിളയെ ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പിറ്റേ ദിവസം തന്നെ ശര്‍മിള കെ സി ആറിന്റെ വസതിക്കു മുമ്പില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അന്നാണ് ശര്‍മിളയുടെ വാഹനം ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തത്. സര്‍ക്കാരിന് എതിരെ പ്രതിഷേധിക്കാന്‍ നേരത്തെ തന്നെ പൊലീസിനോട് അനുമതി തേടിയെങ്കിലും നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ ശര്‍മിള പ്രതിഷേധം തുടര്‍ന്നു. അതാണ് മൂന്നാം തവണയും ശര്‍മിള അറസ്റ്റിലാവാന്‍ കാരണം.