പേമാരിയിൽ മരണം 111 ; 31 പേരെ കാണാതായി; 1,116 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു


AUGUST 16, 2019, 9:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും ഇതുവരെ 111 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 31 പേരെ കാണാതിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 892 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 46,450 കുടുംബങ്ങളില്‍പ്പെട്ട 1,47,286 പേര്‍ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 1,116 വീടുകള്‍ പൂര്‍ണ്ണമായും, 11,935 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍.

കാലവര്‍ഷക്കെടുതിയില്‍ കൂടുതല്‍ ആളുകള്‍ മരിച്ചതും, കാണാതായതും മലപ്പുറം ജില്ലയില്‍ നിന്നാണ്. 48 പേരാണ് മലപ്പുറം ജില്ലയില്‍ മാത്രമായി മരിച്ചത്. 23 പേരെ കാണാതായി. കോഴിക്കോട് ജില്ലയില്‍ 17 പേരും വയനാട് ജില്ലയില്‍ 12 പേരുമാണ് മരിച്ചത്. വയനാട് ജില്ലയില്‍ നിന്നും ഏഴു പേരെ കാണാതായിട്ടുണ്ട്. 

തൃശൂര്‍, കണ്ണൂര്‍  ജില്ലകളില്‍ ഒൻപത് പേര്‍ വീതം മരിച്ചു. ആലപ്പുഴയില്‍ ആറും, ഇടുക്കിയില്‍ അഞ്ചും ആളുകൾ മരിച്ചിട്ടുണ്ട്. പാലക്കാട് 11 പേര്‍ക്കാണ് പരിക്ക് പറ്റിയത്.തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആരും മരിച്ചിട്ടില്ല.

പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് കൂടുതല്‍ വീടുകള്‍ നശിച്ചത് വയനാട് ജില്ലയിലാണ്. 535 വീടുകള്‍ പൂര്‍ണ്ണമായും 5435 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയില്‍ 2022 വീടുകൾ ഭാഗികമായി നശിച്ചു. മലപ്പുറം ജില്ലയില്‍ 210 വീടുകള്‍ പൂര്‍ണ്ണമായും 1744 വീടുകള്‍ ഭാഗികമായും തകർന്നു.