യൂട്യൂബിൽ മലയാളിക്കുതിപ്പ്:17 ചാനലുകൾക്ക് കാഴ്‌ചക്കാർ 10ലക്ഷം; വളർച്ച 100 ശതമാനം


JULY 27, 2019, 9:36 PM IST

കൊച്ചി:യൂട്യൂബിൽ കേരളത്തിലെ ചാനലുകൾ നടത്തുന്നത് വൻ കുതിപ്പ്. കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ. 

പൂജ്യത്തിൽ നിന്നാണ് മലയാളികളുടെ ചാനലുകൾ യൂട്യൂബിൽ സമീപകാലത്തായി വലിയ ശ്രദ്ധ നേടിയത്. ഇപ്പോൾ പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള 17 ചാനലുകളുണ്ട്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ സബ്‌സ്‌ക്രൈബർമാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളിൽ സബ്‌സ്‌ക്രൈബർമാരുള്ള 40 ചാനലുകളും കേരളത്തിൽ നിന്നുണ്ട്.

വിനോദവും, സംഗീതവും ഉള്ളടക്കമായ ചാനലുകളാണ് കുതിപ്പിൽ മുന്നിൽ.ടെക്‌നോളജി, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയും വലിയ മുന്നേറ്റം ഉണ്ടാക്കുന്നു. കാർഷിക സംരംഭങ്ങളാണ് ഭാവിയിൽ കുതിപ്പുണ്ടാക്കാൻ സാധ്യതയുള്ള ഉള്ളടക്കമെന്നു വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിൽ പ്രതിമാസം 26.5 കോടി ആളുകളാണ് യൂട്യൂബ് കാണുന്നത്. ഇതിൽ 60 ശതമാനം പേരും ചെറിയ പട്ടണങ്ങളിൽ ഉള്ളവർ.

കേരളത്തിൽ നിന്നും യൂട്യൂബിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കരിക്ക് എന്ന ചാനലിന്റെ സ്ഥാപകൻ നിഖിൽ പ്രസാദ്, എം4 ടെക് എന്ന ചാനലിന്റെ സ്ഥാപകൻ ജിയോ ജോസഫ്, കൃഷി ലോകം എന്ന ചാനലിന്റെ സ്ഥാപകൻ ആനി യുജിൻ എന്നിവർ കൊച്ചിയിൽ നടന്ന ചടങ്ങിൽ അനുഭവങ്ങൾ പങ്കുവച്ചു.

Other News