ഇതുവരെ തുറന്നത് 18 ഡാമുകൾ;വ്യാജ പ്രചാരണങ്ങളിൽ പരിഭ്രാന്തി വേണ്ട 


AUGUST 10, 2019, 1:24 AM IST

തിരുവനന്തപുരം:കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകൾ തുറന്നു.എന്നാൽ, സംസ്ഥാനത്തെ  എല്ലാ ഡാമുകളും തുറന്നതായി വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇത് പൂർണമായും തെറ്റാണെന്നും കെ എസ് ഇ ബി അറിയിച്ചു.ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നത്. മറ്റ് ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉടനൊന്നും ഉണ്ടാകില്ല.

ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിൽ എല്ലാം കൂടി നിലവിൽ 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയുടെ സംഭരണശേഷിയുടെ മുപ്പത് ശതമാനത്തിൽ താഴെ മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകളെല്ലാം തുറന്നുവിട്ടു എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണം. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും കെ എസ് ഇ ബി അറിയിച്ചു.

നിലവിൽ വിവിധ ജില്ലകളിലായി തുറന്ന ഡാമുകൾ:

ഇടുക്കിയിൽ കല്ലാർകുട്ടി ഡാമിലെ മൂന്ന് ഷട്ടറുകളും, പാംബ്ല ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം എന്നിവയുമാണ് തുറന്നിട്ടുള്ളത്. 

പത്തനംതിട്ടയിലെ മണിയാർ ഡാമിന്‍റെ അഞ്ചു ഷട്ടറുകൾ തുറന്നതോടെ പമ്പയിൽ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നു. എന്നാൽ ജില്ലയിൽ ഉച്ചക്ക് ശേഷം വലിയ മഴയുടെ ശക്തി കുറഞ്ഞു. വലിയ അണക്കെട്ടായ കക്കി ആനത്തോടിന്‍റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സെക്കന്‍റിൽ 200 ക്യുമെക്സ് എന്ന തോതിൽ വെള്ളം പമ്പയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നു. സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് എത്തിയ മൂഴിയാർ തുറന്നേക്കുമെന്നതിനാൽ കക്കട്ടാർ, പമ്പാ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരി - കക്കി അണക്കെട്ടിൽ ഇപ്പോൾ 29 ശതമാനമാണ് വെള്ളമുള്ളത്. അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയാലും കക്കി ആനത്തോടിന്‍റെ ഷട്ടർ തുറക്കേണ്ടിവരില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.എന്നാൽ കൊച്ചുപമ്പയിൽ സംഭരണശേഷിയുടെ 49 ശതമാനം വെള്ളമായിട്ടുണ്ട്.

എറണാകുളത്ത് ഭൂതത്താൻകെട്ട് തടയണയും നേര്യമംഗലം ഡാമും തുറന്നു.വൻ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കുറവ്.

നാല് ഡാമുകളാണ് പാലക്കാട് ജില്ലയിൽ തുറന്നത്;മംഗലം ഡാം, കാഞ്ഞിരപ്പുഴ ഡാം, ശിരുവാണി ഡാം, വാളയാർ ഡാം എന്നിവ. വെള്ളിയാങ്കല്ല് റഗുലേറ്ററും തുറന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഉടനെ തുറക്കില്ല. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടർന്നാൽ പരിശോധന നടത്തിയ ശേഷമേ തുറക്കൂ. സ്ഥലത്തെ ജാഗ്രതാ നിർദേശം താൽക്കാലികമായി പിൻവലിച്ചു.

തൃശ്ശൂർ ജില്ലയിൽ മൂന്ന് ഡാമുകൾ തുറന്നിട്ടുണ്ട്.പെരിങ്ങൽകുത്ത് ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയർത്തി. അസുരൻകുണ്ട്, പൂമല ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. 

കാരാപ്പുഴ ഡാം മാത്രമാണ് നിലവിൽ വയനാട്ടിൽ തുറന്നിരിക്കുന്നത്. ബാണാസുര സാഗർ ഡാം ശനിയാഴ്ച തുറക്കാനാണ് സാധ്യത. രാവിലെ ഏഴരയോടെ, അണക്കെട്ടിന് തൊട്ടടുത്തുള്ള എല്ലാവരോടും ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയിൽ കക്കയം ഡാമും, കുറ്റ്യാടി ഡാമും മാത്രമാണ് തുറന്നിട്ടുള്ളത്. എന്നാൽ ഈ രണ്ട് ഡാമുകൾ തുറന്നത് തന്നെ പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടാക്കി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കക്കയം ഡാമിന്‍റെ ഷട്ടറുകൾ 5 അടി വരെ ഉയർത്തിയത്. കുറ്റ്യാടി പുഴയുടെ തീരത്ത്, താഴ്ന്ന പ്രദേശത്തുള്ള, ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.കണ്ണൂർ ജില്ലയിൽ പഴശ്ശി തടയണയാണ് തുറന്നത്.

Other News