ന്യൂഡല്‍ഹി: കേരളത്തിലെ കാലടി ശ്രീശാരദ വിദ്യാലയം ഉള്‍പ്പടെ രാജ്യത്തെ 23 സ്‌കൂളുകളെ സൈനിക് സ്‌കൂള്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. കേരളത്തില്‍ കഴക്കൂട്ടം സൈനിക് സ്‌കൂളിന് പുറമെ മറ്റ് രണ്ട് സൈനിക് സ്‌കൂള്‍ കൂടി അടുത്ത അധ്യയന വര്‍ഷമായ മെയ് മാസത്തില്‍ നിലവില്‍ വരും. സംസ്ഥാനത്തു നിന്നുള്ള ഇരുനൂറോളം അപേക്ഷകരില്‍ നിന്നാണു കാലടി ശ്രീ ശാരദ സ്‌കൂളിനെ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തത്.
ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയിലൂടെ ഈ സ്‌കൂളുകളിലേക്ക് പ്രവേശനം നേടാം. നിലവില്‍ കാലടി ശ്രീശാരദ വിദ്യാലയത്തിലെ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന 60 ശതമാനം കുട്ടികള്‍ക്ക് പ്രത്യേക പരീക്ഷയിലൂടെ സൈനിക് സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്കു മാറാനും അവസരമുണ്ട്.
സമര്‍ഥരായ യുവതലമുറയെ സൈന്യത്തിലും മറ്റു സേവന മേഖലകളിലും സജ്ജരാക്കുന്നതിനായി രാജ്യത്ത് പുതുതായി നൂറ് സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചവരെ ഔദ്യോഗിക തലങ്ങളില്‍ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം.
ശൃംഗേരി മഠത്തിനു കീഴിലുള്ള ആദിശങ്കര ട്രസ്റ്റ് 1992ലാണ് സ്‌കൂള്‍ സ്ഥാപിച്ചത്. എല്‍ കെ ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലായി 1500 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. റോബോട്ടിക്‌സ്- എ ഐ ലാബ്, മള്‍ട്ടി പ്ലക്‌സുകളോട് കിട പിടിക്കുന്ന തിയേറ്റര്‍, ജിംനേഷ്യം, ആധുനിക കാന്റീന്‍, മികച്ച കംപ്യൂട്ടര്‍ ലാബ്, യോഗ പരിശീലന കേന്ദ്രം എന്നിവയും ശ്രീശാരദ വിദ്യാലയത്തിലുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രാജ്യത്തെ മികച്ച സൈനിക് സ്‌കൂളായി കാലടി ശ്രീശാരദാ വിദ്യാലയത്തെ മാറ്റുമെന്നു മാനേജിങ് ട്രസ്റ്റി കെ ആനന്ദ് അറിയിച്ചു. മികച്ച അധ്യാപികയ്ക്കുള്ള രാഷ്ട്രപതി പുരസ്‌കാരവും മാനവശേഷി മന്ത്രാലയത്തിന്റെ പുരസ്‌ക്കാരവും നേടിയ ഡോ. ദീപ ചന്ദ്രനാണ് വിദ്യാലയത്തിന്റെ സീനിയര്‍ പ്രിന്‍സിപ്പള്‍.