2.45 ടൺ മരുന്നുകൾ കേരളത്തിലേക്ക്;50,000 കിലോഗ്രാം  അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങൾ രാഹുലിന്റെ വക 


AUGUST 16, 2019, 1:55 AM IST

ന്യൂഡൽഹി:ഡൽഹിയിൽ  നിന്ന് 22.48 ടൺ അവശ്യമരുന്നുകൾ കേരളത്തിലേക്ക്.പ്രളയ സമാന സാഹചര്യം കണക്കിലെടുത്താണ് നടപടി.മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി എം പി 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്‌തുക്കളും എത്തിച്ചിട്ടുണ്ട്.

മരുന്നുകൾ എത്തിക്കാൻ നടപടികൾ പൂർത്തിയായെന്ന് കേരള ഹൗസ് സ്‌പെഷ്യൽ ഓഫീസർ ഡോ എ സമ്പത്ത്  അറിയിച്ചു.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്‍റെ അഭ്യർത്ഥനപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്.

ചണ്ഢിഗഡിൽ നിന്നും ഭോപ്പാലിൽ നിന്നും ദൽഹിയിലെത്തിച്ച് വിമാനമാർഗ്ഗം മരുന്നുകൾ കൊച്ചിയിലെത്തിക്കും. ആന്‍റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകളാണ് എത്തിക്കുന്നത്. 

400 കാർട്ടനുകളിലായി മൂന്നു ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഒരു ദിവസം ആറ് ടൺ മരുന്നുകൾ വീതം വിമാനമാർഗ്ഗം നാട്ടിലെത്തിക്കും. ഇതിനു പുറമെ ഒരു കോടി ക്ലോറിൻ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.

വയനാട് ജില്ലയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് അവശ്യസാധനങ്ങൾ വയനാട്ടിലെത്തിച്ചത്.

ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുംപെട്ട് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ജനതയെ കാണാൻ കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി വയനാടും മലപ്പുറവും സന്ദർശിച്ചിരുന്നു.ജില്ലയിലെ വിവിധ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ക്യാമ്പിലേക്കുള്ള അത്യാവശ്യ വസ്‌തുക്കള്‍ എത്തിക്കാൻ രാഹുൽ ​ഗാന്ധി നിർദ്ദേശം നൽകിയത്. 

രണ്ട് ഘട്ടമായിട്ടാണ് സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്‌തുക്കള്‍ ലഭ്യമാക്കി. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തിച്ചു.

അഞ്ച് കിലോ അരിയടങ്ങിയ വസ്‌തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തുമെന്ന് നേതാക്കൾ അറിയിച്ചു. 

അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്ലോർ ക്ലീനിങ് വസ്‌തുക്കളടങ്ങിയ കിറ്റ് എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

Other News