പ്രകൃതിക്ഷോഭമുണ്ടായ സ്ഥലങ്ങൾ ജനവാസയോഗ്യമോയെന്ന് അതിവേഗം നിർണ്ണയിക്കാൻ 50 സംഘങ്ങൾ 


AUGUST 18, 2019, 3:02 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമിയില്‍ വിള്ളല്‍ എന്നിവ കണ്ടെത്തിയ സ്ഥലങ്ങള്‍ വേഗത്തില്‍ പരിശോധിച്ച് ജനവാസയോഗ്യമാണോ അല്ലേ എന്ന് വ്യക്തമായ ശാസ്ത്രീയ ശുപാര്‍ശ നൽകാൻ 50 സംഘങ്ങളെ നിയോഗിച്ചു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കാണ് സംഘങ്ങൾ ശുപാർശ നൽകേണ്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണ് സംരക്ഷണ വകുപ്പ്, മൈനിങ് ആന്ഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘങ്ങളിൽ ഉള്ളത്. 

സംഘങ്ങൾക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു.നിർദിഷ്‌ട മേഖലകളിലെ വിദഗ്‌ധരായ  ജി  ശങ്കര്‍,  സി. മുരളീധരന്‍, കേന്ദ്ര ജിയോളോജി വകുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ സംഘങ്ങള്‍ സ്ഥല പരിശോധനയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് മാർഗനിർദേശങ്ങളും പരിശീലനവും നൽകി. 

എല്ലാ സംഘത്തിലും ഓരോ ജിയോളജിസ്റ്റും മണ്ണ് സംരക്ഷണ വിദഗ്‌ധനും ഉണ്ടായിരിക്കും. ഇവര്‍ അടുത്ത ബുധനാഴ്‌ച മുതല്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിക്കും

സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ഡോ വി  വേണു, മൈനിങ് ആന്ഡ് ജിയോളജി വകുപ്പ് ഡയറക്‌ടർ കെ  ബിജു, മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ് എന്നീ വകുപ്പുകളുടെ ഡയറക്‌ടർ ജസ്റ്റിന്‍ മോഹന്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പരിശീലകരെ അഭിസംബോധന ചെയ്‌തു.

Other News