പ്രവാസിമലയാളി യുവതിയുടെ മരണം ചികിത്സാപ്പിഴവിൽ; 78 ലക്ഷം രൂപ നഷ്‌ടപരിഹാരം


SEPTEMBER 6, 2019, 11:34 PM IST

ഷാര്‍ജ:മലയാളി യുവതി മരിച്ചത് ഷാർജയിലെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സാപ്പിഴവ് മൂലമെന്ന് അന്വേഷണത്തിൽ വ്യക്തമായി.സംഭവത്തില്‍ ഷാർജ കോടതി 78 ലക്ഷം രൂപ നഷ്‌ടപരിഹാരം വിധിച്ചു.കൊല്ലം പത്തനാപുരം സ്വദേശി ബ്ലെസി ടോം 2015ലാണ് ചികിത്സയിലെ അനാസ്ഥമൂലം  മരിച്ചത്. 

ബ്ലെസിയുടെ കുടുംബത്തിന് 39 ലക്ഷം രൂപയും കോടതി ചെലവിനത്തില്‍ മറ്റൊരു 39 ലക്ഷം രൂപയും  യുവതിയെ ചികിത്സിച്ച ഷാര്‍ജയിലെ ഡോ. സണ്ണി മെഡിക്കല്‍ സെന്ററും ഡോക്‌ടർ ദര്‍ശന്‍ പ്രഭാത് രാജാറാം പി നാരായണരായും നഷ്‌ടപരിഹാരം നൽകണം. ബ്ലെസി ടോമിന്‍റെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിനും അവരുടെ രണ്ടു മക്കള്‍ക്കുമാണ് നഷ്‌ടപരിഹാരത്തുക നല്‍കേണ്ടത്. 

ഷാര്‍ജ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സായിരുന്നു ബ്ലെസി ടോം.സ്‌തനത്തിലെ രോഗാണുബാധയെ തുടര്‍ന്ന് 2015 നവംബറിലാണ് ബ്ലെസി ചികിത്സ തേടി ക്ലിനിക്കിലെത്തിയത്. ഡോ.  നാരായണരാ ബ്ലെസിക്ക് ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ നല്‍കി. ഇതോടെ ബ്ലെസി ബോധരഹിതയായി. 

ഉടന്‍ തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്സിമി ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് ബ്ലെസി ഷാര്‍ജയില്‍ താമസിച്ചിരുന്നത്. ദുബായ് മുനിസിപ്പാലിറ്റിയിലെ ലാബ് അസിസ്റ്റന്‍റാണ് ബ്ലെസിയുടെ ഭര്‍ത്താവ് ജോസഫ് അബ്രഹാം. 

ബ്ലെസി മരിച്ചതോടെ ഡോ. നാരായണരാ യു എ ഇയില്‍ നിന്ന് നാടുവിട്ടു. ബ്ലെസിയുടെ മരണം ചികിത്സാപ്പിഴവ് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുകയും മരുന്നിന്‍റെ റിയാക്ഷന്‍ മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്. 

ഇപ്പോള്‍ ഇന്ത്യയിലുള്ള ഡോക്‌ടർക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. 

Other News