അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ കേസില്‍ എ എ റഹീം എംപിയെയും, എം. സ്വരാജിനെയും ശിക്ഷിച്ചു


DECEMBER 2, 2023, 9:40 PM IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന എസ്എഫ്‌ഐയുടെ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എ എ റഹീം എംപിയെയും, എം. സ്വരാജിനെയും കോടതി ശിക്ഷിച്ചു. ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മജിസ്‌ട്രേറ്റ് ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്.  ജാമ്യം ലഭിച്ച സാഹചര്യത്തില്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഐ (എം) നേതാക്കള്‍ അറിയിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന 2011-16 കാലത്തെ യു ഡി എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ ആണ് ശിക്ഷാ വിധി. ആകെ പത്തുപ്രതികള്‍ ഉള്ള കേസിലെ ആറും ഏഴും പ്രതികള്‍ ആണ് സ്വരാജും റഹീമും. 2014 ജൂലൈ 30 ന് ആയിരുന്നു സംഭവം. നിയമസഭാ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്തെന്നും വാഹനങ്ങള്‍ നശിപ്പിച്ചു എന്നുമാണ് നേതാക്കള്‍ക്ക് എതിരായ കേസ്. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ഐ പി സി 332 വകുപ്പ് അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. ഐ പി സി 143 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐ പി സി 147 വകുപ്പ് അനുസരിച്ച് 1000 രൂപയും ഒടുക്കണം. ഐ പി സി 283 വകുപ്പ് അനുസരിച്ച് 200 രൂപയും കെ പി ആക്ട് പ്രകാരം 500 രൂപയും വീതമാണ് ഒരാള്‍ പിഴയായി ഒടുക്കേണ്ടതുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം വിവിധ വകുപ്പുകളാണ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നത്.

നേരത്തെ കേസ് വേഗത്തില്‍ തീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട ഇരുവരും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. അന്നത്തെ സര്‍ക്കാരിന്റെ കാലത്തെ പ്ലസ്ടു കോഴയ്ക്കെതിരായിരുന്നു പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നിലവില്‍ രാജ്യസഭാ എം പിയാണ് എ എ റഹീം. കഴിഞ്ഞ നിയമസഭയിലെ എം എല്‍ എയായിരുന്നു സ്വരാജ്

Other News