കേരളത്തില്‍ നല്ല അനുഭവമെന്ന് അഭിജിത് ബാനര്‍ജി; വീണ്ടും വരാൻ തയ്യാർ


OCTOBER 23, 2019, 1:33 AM IST

 ന്യൂഡല്‍ഹി: കേരളം സന്ദര്‍ശിച്ചപ്പോഴൊക്കെ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വരാന്‍ തയ്യാറാണെന്നും സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ അഭിജിത് ബാനര്‍ജി.

കേരളം മനോഹരമായ നാടാണ്. ആരോഗ്യ പദ്ധതികളില്‍ മുന്നിലുള്ള സംസ്ഥാനമാണ്. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തിയപ്പോള്‍ നല്ല അനുഭവങ്ങളായിരുന്നു. കേരളാ മോഡല്‍ വികസനത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അതേക്കുറിച്ചുള്ള പുതിയ കണക്കുകള്‍ തന്റെ കൈവശം ഇല്ലെന്നും അതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ദ്രം ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് അഭിജിത്തിനൊപ്പം കേരളത്തില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെന്ന് ജീവിത പങ്കാളിയും നോബല്‍ ജേതാവുമായ എസ്‌തര്‍ ഡുഫ്‌ളോ വെളിപ്പെടുത്തിയിരുന്നു.

ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അടക്കം ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം നല്‍കിയില്ലെന്ന് എസ്‌തര്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്‌ടാവും ഐ എം എഫ് ചീഫ് ഇക്കണോമിസ്‌റ്റുമായ ഗീതാ ഗോപിനാഥിനൊപ്പമാണ് ഇരുവരും കേരളത്തിലെത്തിയത്.

Other News