അഭയ കേസ് :  ആദ്യ വിചാരണക്കിടെ പ്രധാന സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി


AUGUST 26, 2019, 2:00 PM IST

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട്  ഇരുപത്തേഴു വര്‍ഷത്തിനുശേഷം ആരംഭിച്ച വിചാരണക്കിടെ പ്രോസിക്യൂഷനെ പ്രതിുസന്ധിയിലാക്കി പ്രധാന സാക്ഷി കൂറുമാറി.  


അമ്പതാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്.


സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കോണ്‍വെന്റിലെ അടുക്കളയില്‍ കണ്ടെന്നാണ് അനുപമ നേരത്തെ മൊഴി നല്‍കിയിരുന്നത്.


എന്നാല്‍  താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് ഇന്ന് കേസ് വിസ്താരത്തിനിടെ സിസ്റ്റര്‍ അനുപമ കോടതിയില്‍ അറിയിച്ചു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.എന്നാല്‍ കേസില്‍ ഏറെ നിര്‍ണായകമായ മൊഴി നല്‍കിയ സാക്ഷി തന്നെ ആദ്യ ദിവസം കൂറുമാറുകയായിരുന്നു.


1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിചാരണ ആരംഭിച്ചിരിക്കുന്നത്.

Other News