മലവെള്ളപ്പാച്ചിലിൽ ഒരു പഞ്ചായത്തിലെ നൂറോളം വീടുകള്‍ ഒഴുകിപ്പോയി


AUGUST 11, 2019, 1:33 AM IST

നിലമ്പൂര്‍: ശക്തമായ മലവെള്ളപ്പാച്ചിലില്‍ നിലമ്പൂര്‍ പോത്തുകല്‍ പഞ്ചായത്തിലെ അമ്പൂട്ടാന്‍ പൊട്ടിയിലുള്ള നൂറോളം വീടുകള്‍ ഒഴുകിപ്പോയി. വീടുകളില്‍ ഉണ്ടായിരുന്നവര്‍ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. അതിനാല്‍ ആളപായം ഒഴിവായി.

ചാലിയാറിന്റെ തീരത്തെ വീടുകളാണ് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.

അതേസമയം, നിലമ്പൂര്‍ വാണിയംപുഴയില്‍ മുണ്ടേരി വനമേഖലയില്‍ 400 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികുല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വെച്ചു.