വിവാഹത്തിന് കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട വൈദികനെതിരെ നടപടി


JULY 22, 2019, 10:32 PM IST

പത്തനംതിട്ട:വിവാഹം സഭാചാര പ്രകാരം പള്ളിയില്‍ നടത്തണമെങ്കില്‍ വധുവിന്റെ കന്യകാത്വ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട വൈദികനെതിരെ ഓർത്തഡോക്‌സ് സഭ നടപടിയെടുത്തു.പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് പള്ളിയിലെ വികാരിയായിരുന്ന ഫാ.ജേക്കബ് ബേബി (ഷിബുവച്ചൻ)  അവധിയിൽ പ്രവേശിച്ചതായും പകരം വികാരിയായി ഫാ.ചെറിയാൻ ജോർജിനെ നിയമിച്ചതായും തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ്‌ മാർ ക്ലിമിസ് മെത്രാപ്പോലീത്ത ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി.

ഇടവകയിലെ യുവജനവിഭാഗം നേതാവായ യുവാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഫാ.ജേക്കബ് ബേബിയെടുത്ത  നിലപാട് വൻ വിവാദമായിരുന്നു. നേരത്തെ രജിസ്റ്റര്‍ വിവാഹം നടത്തിയ യുവാവും യുവതിയും ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നും അതിനാല്‍ പള്ളിയില്‍ സഭാചാരപ്രകാരം വിവാഹം നടത്തണമെങ്കില്‍ ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണിച്ചു കന്യകാത്വ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമാണ് ഫാ.ജേക്കബ് ബേബി ആവശ്യപ്പെട്ടത്.

രജിസ്റ്റർ വിവാഹം നടത്തിയത് സഭാ ആചാരങ്ങൾക്ക് എതിരാണെന്നും വധു കന്യകയാണെന്ന് തെളിയിക്കാൻ ഗൈനക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നുമൊക്കെ അദ്ദേഹം നിലപാടെടുത്തു.

വീട്ടുകാർ വിവാഹത്തിന് അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രണയത്തിലായിരുന്ന യുവാവും യുവതിയും മാസങ്ങൾക്കു മുൻപ് പത്തനംതിട്ട രജിസ്ട്രാർ ഓഫിസിൽ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്‌തത്‌.കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട യുവതി പിന്നീട് ഓർത്തഡോക്‌സ് വിശ്വാസം സ്വീകരിക്കുകയും വീട്ടുകാരുടെ എതിർപ്പ് മാറുകയും ചെയ്‌ത സാഹചര്യത്തിലാണ് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ട് വികാരിയച്ചനെ സമീപിച്ചത്.

വിഷയത്തിൽ ഫാ.ജേക്കബ് ബേബിയുടെ നിലപാട് വിശ്വാസികൾക്കിടയിലും പള്ളിക്കമ്മിറ്റിയിലും വലിയ ഒച്ചപ്പാടുണ്ടാക്കി. പള്ളിക്കമ്മിറ്റിയിൽ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവർ വികാരിയച്ചനോട് പ്രതിഷേധിച്ച്  സ്ഥാനം രാജിവച്ചു. യുവാവ് സഭയിലെ ഉന്നതരോട് പരാതിപ്പെടുകയും സഭ അനുകൂല തീരുമാനമെടുക്കുകയും  ചെയ്‌തു.വിവാഹം നടത്തിക്കൊടുക്കാൻ സഭ ആവശ്യപ്പെട്ടിട്ടും തൊടുന്യായങ്ങൾ നിരത്തി വിവാഹം വൈകിപ്പിക്കാനാണ് വികാരി ശ്രമിച്ചത്.തീരുമാനം പുനഃപരിശോധിക്കണമെന്ന് സഭാ നേതൃത്വത്തിലുള്ളവരോട് പോലും അദ്ദേഹം ആവശ്യപ്പെട്ടു.

ഒടുവിൽ സഭയുടെയും വിശ്വാസികളുടെയും നിർബന്ധത്തിനു വഴങ്ങി കഴിഞ്ഞ 15നു പള്ളിയിൽ വച്ച് വിവാഹം നടത്താൻ അദ്ദേഹം നിർബന്ധിതനായി.200 രൂപയുടെ മുദ്രപത്രത്തിൽ വധുവിനെക്കൊണ്ട് വിശ്വാസം സംബന്ധിച്ച് എഴുതി വാങ്ങിയ ശേഷമാണ് വിവാഹം നടത്തിക്കൊടുത്തത്.

പുതിയ വികാരി നിയമനം അനിശ്ചിതകാലത്തേക്കാണെന്ന് കുറിയാക്കോസ്‌ മാർ ക്ലിമിസ് മെത്രാപ്പോലീത്ത വ്യക്തമാക്കിയിട്ടുണ്ട്.രാജിവച്ച ട്രസ്റ്റിമാരെ പുനഃ:സ്ഥാപിച്ചതായും അറിയിപ്പിൽ പറയുന്നു.