കൊച്ചി: ജീവിതച്ചെലവിന് ഉപാധിയില്ലെന്ന പേരില്‍ അവിവാഹിതയായ പ്രായപൂര്‍ത്തിയെത്തിയ മകള്‍ക്ക് ജീവനാംശം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി. ശാരീരികമോ, മാനസികമോ ആയ വെല്ലുവിളി നേരിടുന്നുണ്ടെങ്കില്‍ മാത്രമേ ജീവനാംശത്തിന് അവകാശപ്പെടാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്ന തെളിവ് ആവശ്യമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവില്‍ പറയുന്നു.
സി.ആര്‍.പി.സി 125(1) പ്രകാരമുള്ള വ്യവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്.
പരാതി ഫയല്‍ചെയ്ത 2016 ജൂലൈ മുതല്‍ ഭാര്യയ്ക്ക് 10,000 രൂപയും 17 വയസുള്ള മകള്‍ക്ക് 8000 രൂപയും മാസം തോറും ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട കുടുംബക്കോടതി വിധി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതു വരെ 8000 രൂപ നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഭാര്യയ്ക്ക് 10,000 രൂപ അനുവദിച്ചതു ശരിവെച്ചു. മകള്‍ക്ക് 2017-ല്‍ 18 വയസായത് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുമതത്തില്‍പ്പെട്ട അവിവാഹിതയായ പെണ്‍കുട്ടി ജീവനാംശത്തിനായി ഇതുമായി ബന്ധപ്പെട്ട 1956 ലെ നിയമപ്രകാരമാണ് അപേക്ഷിക്കേണ്ടതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. വിവാഹം കഴിക്കുന്നതുവരെ ഹിന്ദു മതത്തില്‍പ്പെട്ട മകള്‍ക്ക് പിതാവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍, തന്റെ ജീവിതച്ചെലവ് സ്വയം വഹിക്കാന്‍ കഴിയില്ലെന്ന് അവര്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു. ഈ അവകാശം സ്ഥാപിക്കാന്‍ 1956-ലെ നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരമാണ് കേസ് നല്‍കേണ്ടതെന്നും കോടതി അറിയിച്ചു.