തുഷാറിനു കനത്ത തിരിച്ചടി:അപേക്ഷ കോടതി തള്ളി;ഉടൻ നാട്ടിലെത്താനാകില്ല 


AUGUST 28, 2019, 10:39 PM IST

ദുബൈ:വണ്ടിചെക്ക് കേസില്‍ അജ്‌മാനിൽ ജാമ്യത്തിലുള്ള ബി ഡി ജെ എസ് ചെയർമാനും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി.യു എ ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ അജ്‌മാൻ കോടതി തള്ളി.ഇതോടെ കേസ് ഒത്തുതീര്‍പ്പാക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ സാധ്യതകള്‍ മങ്ങി.

യു എ ഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യത്തില്‍വച്ച് നാട്ടിലേക്ക് മടങ്ങാന്‍ ചെക്ക് തട്ടിപ്പുകേസില്‍ പ്രതിയായ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞദിവസമാണ് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. നേരത്തെ,കേസില്‍ ജാമ്യം ലഭിക്കാനായി കോടതിയില്‍ സമര്‍പ്പിച്ച സ്വന്തം പാസ്പോര്‍ട്ട് വീണ്ടെടുത്ത് നാട്ടില്‍ പോകാനായിരുന്നു ഉദ്ദേശ്യം. 

സ്വദേശി പൗരന്റെ പാസ്പോർട്ട് ജാമ്യമായി സ്വീകരിക്കണോ വേണ്ടേ എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചന അധികാരത്തിൽ പെട്ടതാണ്.കോടതി അപേക്ഷ പരിഗണിച്ച ആദ്യഘട്ടത്തില്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ തള്ളി. പാസ്പോർട്ട് ജാമ്യം നൽകിയ സ്വദേശി കേസിന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കാൻ പ്രാപ്‌തിയുള്ള ആളായിരിക്കണം എന്നാണ് ചട്ടം. ജാമ്യം നിന്ന സ്വദേശിയുടെ പ്രാപ്‌തി ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല എന്നാണ് സൂചന.

കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്‌ദുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നേരത്തേ സമര്‍പ്പിച്ച തെളിവുകളും തുഷാറിന് അനുകൂലമായ തീരുമാനമുണ്ടാകുന്നതിനു വിലങ്ങുതടിയായി.പരാതിക്കാരൻ ത​ന്റെ ചെക്ക്​ മോഷ്​ടിച്ചതാണെന്ന്​ തുഷാർ ആദ്യ ദിവസം ഉന്നയിച്ച വാദവും കോടതിയിൽ തള്ളിപ്പോയിരുന്നു.തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നസീൽ അബ്​ദുള്ളക്ക്​ ഉപകരാർ ജോലിയുടെ പണം നൽകാതെ വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചുവെന്നാണ്​ കേസ്​.

ഇനി കേസ് ഒത്തുതീര്‍പ്പാക്കുകയോ വിചാരണ നേരിടുകയോ ആണ് തുഷാറിനു മുന്നിലുള്ള വഴി.ഒത്തുതീര്‍പ്പ് സാധ്യമാകുന്നില്ലെങ്കില്‍, ജാമ്യം നീട്ടാന്‍ ശ്രമിക്കാമെങ്കിലും വിചാരണയും ശിക്ഷയും തീരുന്നത് വരെ തുഷാര്‍ യു എ ഇയില്‍ തുടരേണ്ടിവരും.

Other News