പത്താം ക്ലാസ് തോറ്റിട്ടും മറച്ചുവെച്ചു; അന്‍വര്‍സാദത്ത് എംഎല്‍എ ഇലക്ഷന്‍ കമ്മീഷനെ കബളിപ്പിച്ചെന്ന് പരാതി


AUGUST 3, 2022, 8:25 AM IST

കൊച്ചി: കോണ്‍ഗ്രസ് നേതാവും ആലുവ എംഎല്‍എയുമായ അന്‍വര്‍ സാദത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് വിവരാവകാശ രേഖ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അന്‍വര്‍ സാദത്ത് വരണാധികാരിക്ക് സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത മനപ്പൂര്‍വം തെറ്റായി നല്‍കിയെന്നും ഇതിനായി വ്യാജരേഖ നിര്‍മ്മിച്ചുവെന്നുമാണ് കണ്ടെത്തല്‍. സാമൂഹിക പ്രവര്‍ത്തകന്‍ ഖാലിദ് മുണ്ടപ്പള്ളിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ അന്‍വര്‍ സാദത്തിന്റെ വിദ്യാഭ്യാസ യോഗ്യത ഒന്‍പതാം ക്ലാസ് ആണെന്നും പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും തോറ്റുപോയെന്നുമാണ് വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസാകാത്ത അന്‍വര്‍ സാദത്ത് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി എന്നാണ് നല്‍കിയിരിക്കുന്നത്. പത്തില്‍ നിന്നും ജയിക്കാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത ഒന്‍പതാം ക്ലാസ് എന്ന് നല്‍കേണ്ടിടത്താണ് അന്‍വര്‍ സാദത്ത് കൃത്രിമം കാണിച്ചിരിക്കുന്നത്

സത്യപ്രസ്താവനയിലെ ഒന്‍പത് 11 പേജുകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത എന്ന കോളത്തില്‍ സെക്കന്ററി സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ്, എസ്എന്‍ഡിപി സ്‌കൂള്‍ ആലുവ എന്നാണ് നല്‍കിയിരിക്കുന്നത്. 1990-91 അധ്യയന വര്‍ഷം അന്‍വര്‍ സാദത്ത് ഒന്‍പതാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ 1991-92 കാലഘട്ടത്തില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഹാജരായിട്ടില്ല. പരീക്ഷാ കമ്മീഷ്ണറുടെ കാര്യാലയത്തില്‍ നിന്നു ലഭിച്ച മറുപടിയിലും ഇക്കാര്യം വ്യക്തമാണെന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്തു. ആ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അന്‍വര്‍ സാദത്ത് പരീക്ഷയ്ക്ക് ഹാജരായിട്ടില്ല.

199293 കാലഘട്ടത്തില്‍ 70 കുട്ടികള്‍ പരീക്ഷ എഴുതിയെങ്കിലും ഒ എ അന്‍വര്‍ സാദത്ത് എന്ന കുട്ടി പരീക്ഷ എഴുതിയിട്ടില്ല. എന്നാല്‍ ഇതേ കാലയളവില്‍ പ്രൈവറ്റായി അന്‍വര്‍ സാദത്ത് പരീക്ഷ എഴുതിയെങ്കിലും ജയിക്കാനായില്ലെന്ന് പരീക്ഷ കമ്മീഷ്ണറേറ്റില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 2011ല്‍ അന്‍വര്‍ സാദത്ത് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതല്‍ വിദ്യാഭ്യാസ യോഗത്യതയില്‍ കൃത്രിമം കാട്ടിയിട്ടുണ്ട്. 2016, 2021 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്നത് തുടര്‍ന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യതയില്‍ അന്‍വര്‍ സാദത്ത് കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലാണ്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇനിയും തയ്യാറായിട്ടില്ല.

Other News