ദുരിതമനുഭവിക്കുന്ന മലബാറിന് അമ്പലപ്പുഴയുടെ ആദ്യ സഹായം


AUGUST 12, 2019, 3:40 AM IST

ആലപ്പുഴ:പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലബാറിന് ആലപ്പുഴയുടെ ആദ്യ സഹായം. കക്ഷിരാഷ്ട്രീയ ഭേദമന്യേ സമാഹരിച്ച നാല് ലക്ഷത്തോളം രൂപയുടെ സഹായവുമായി ആദ്യ വാഹനം  അമ്പലപ്പുഴ വളഞ്ഞ വഴിയിൽ  നിന്ന് മലബാറിലേക്ക് പുറപ്പെട്ടു.

കഴിഞ്ഞ വർഷം പ്രളയ ദുരിതമനുഭവിച്ച ആലപ്പുഴക്ക് ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് മലബാർ മേഖലയിൽ നിന്നായിരുന്നു.ഇത്തവണ കാലവർഷം കലിതുള്ളിയപ്പോൾ ഏറ്റവും കൂടുതൽ ദുരിതമുണ്ടായ മലബാറിനു ആലപ്പുഴ നൽകുന്ന ആദ്യഘട്ട  സഹായമാണ് ഞായറാഴ്‌ച പുറപ്പെട്ടത്. 5000 ലിറ്റർ കുടിവെള്ളം, വസ്ത്രം, അരി ഉൾപ്പെടെ പലചരക്ക് സാധനങ്ങൾ, പച്ചക്കറി, ബിസ്‌ക്കറ്റ്, പായ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയവയാണ് നിലമ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറുന്നത്.

ശനിയാഴ്ച മുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സാധനങ്ങളുമായാണ് ആദ്യ വാഹനം പുറപ്പെട്ടത്. വൈകിട്ട് വളഞ്ഞ വഴിയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി  സുധാകരൻ ഫ്‌ളാഗ് ഓഫ്  നിർവഹിച്ചു.എച്ച് സലാം അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്,  യു എം കബീർ, സഫീർ പീടിയേക്കൽ എന്നിവർ പ്രസംഗിച്ചു.

 

Other News