പ്രകൃതിക്ഷോഭ മേഖലാസന്ദര്‍ശനം: അമിത് ഷാ കേരളത്തെ മനഃപൂർവ്വം  ഒഴിവാക്കിയെന്ന്  സി പി എം


AUGUST 12, 2019, 11:19 PM IST

ന്യൂഡൽഹി:പ്രകൃതിക്ഷോഭ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനഃപൂര്‍വം ഒഴിവാക്കിയെന്ന് സി പി എം പൊളിറ്റ് ബ്യൂറോ.

ഞായറാഴ്‌ച മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എത്തിയില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയതെന്ന് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ ബെലഗാവി, മഹാരാഷ്ട്രയിലെ സട്ടാര, സംഗ്ലി, കോലാപൂര്‍ ജില്ലകളിൽ അമിത് ഷാ വ്യോമനിരീക്ഷണം നടത്തി. കേരളത്തില്‍ എല്‍ ഡി എഫ് ഭരിക്കുന്നതിനാലാണ് അമിത് ഷാ സന്ദര്‍ശനം ഒഴിവാക്കിയതെന്നും സി പി എം പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. 

പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങള്‍ക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും സി പി എം  ആവശ്യപ്പെട്ടു.

Other News