മഴക്കെടുതി: ഉദാരമായി സഹായിക്കുമെന്ന് ഗവർണറോട് അമിത് ഷാ


AUGUST 11, 2019, 12:21 AM IST

തിരുവനന്തപുരം:കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു.

സംസ്ഥാന ത്തെ മഴക്കെടുതികളെയും രക്ഷാ പ്രവർത്തനങ്ങളെയും നിലവിലെ പ്രളയ സാധ്യതാസ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.തുടർന്ന് അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾ പൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തപ്പോഴാണ് ഈ ഉറപ്പു നൽകിയത്.

വർദ്ധിച്ചുവരുന്ന മരണസംഖ്യ,വെള്ളക്കെട്ടും ഉരുൾ പൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ , രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകടസാദ്ധ്യത, സേനയും കോസ്റ്റ് ഗാഡും മറ്റ് ഏജൻസികളും സർക്കാർ സംവിധാനത്തിനു നൽകുന്ന പൂർണ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഗവർണർ മന്ത്രിയെ ധരിപ്പിച്ചു. 

രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ താനുമായി ഫോണിൽ ചർച്ചനടത്തിയതായും ഗവർണർ അറിയിച്ചു.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഗവർണർ റിപ്പോർട്ടിൽ പറഞ്ഞു.

Other News