നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ച പോലെ:മുല്ലപ്പള്ളിയെ വിമർശിച്ച് അനിൽ അക്കര 


JULY 24, 2019, 2:09 AM IST

തിരുവനന്തപുരം: രമ്യ ഹരിദാസ് എംപിക്കായി കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്ന് അനില്‍ അക്കര എംഎൽഎ. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്.മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര പറഞ്ഞു. 

കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല. തൃശൂരില്‍ ഡിസിസി പ്രസിഡന്‍റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അനില്‍ അക്കര തൃശൂരില്‍ വിമർശനമുയർത്തി.എന്നാൽ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.രമ്യക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയതിനെ മുല്ലപ്പള്ളി പരസ്യമായി വിമര്‍ശിച്ചതിനെതിരെയാണ് അനില്‍ അക്കര രംഗത്ത് വന്നത്. 

മാസങ്ങളായി തൃശൂരിന് ഡിസിസി പ്രസിഡന്‍റില്ലെന്ന് അനിൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റിനെ നിയമിക്കാത്തതിന്‍റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനില്‍ ലാലൂരും ഡി സി സി പ്രസിഡന്‍റിനെ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ജില്ലയിലെ സംഘടനാപ്രവര്‍ത്തനം അഴിഞ്ഞ മട്ടിലാണെന്നും പിരിവെടുത്തും ലോണെടുത്തും ഡിസിസി പ്രസിഡന്‍റിനെ നിയമിക്കാന്‍ കഴിയില്ലല്ലോ എന്നും സുനില്‍ ലാലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

Other News